കണ്ണൂർ: കണ്ണൂർ നഗരത്തെ നടുക്കിയ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകത്തിൽ രണ്ടു പേർ പൊലിസ് കസ്റ്റഡിയിൽ. ചരക്കുലോറി ഡ്രൈവറെ കൊള്ളയടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിനെ തുടർന്നാണ് വെട്ടി കൊന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയവും കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെയാണ് കൊലപാതകം നടന്നതെന്നത് പൊലിസിന് നാണകേടായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ അക്രമികൾ വിലസുന്നത് ക്രമസമാധാനനില തകർത്തു കൊണ്ടാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കണ്ണൂർ നഗരത്തിലെ ഹൃദയ ഭാഗമായ ഹെഡ് പോസ്റ്റോഫീസിന് സമീപമാണ് ചരക്കുലോറി ഡ്രൈവർ വെട്ടേറ്റു ദാരുണമായി മരിച്ചത് . കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ മണിക്കൂറുകൾ കൊണ്ടു പൊലീസ് വലയിലായിട്ടുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
പ്രതികളെന്നു സംശയിക്കുന്നവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

കേളകം പഞ്ചായത്തിലെ കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വി ഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസ് നൽകുന്ന സൂചന. സി.സി.ടി.വി ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്

നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ കണ്ണൂർ ഹാജി റോഡിലെ മാർക്കറ്റിൽ ലോഡ് ഇറക്കാൻ എത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ചോര വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്. കണങ്കാലിന് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത് പ്രതികളാണെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭസ്ഥലം എ.സി.പി ടി കെ രത്‌നകുമാർ സന്ദർശിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.