ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും മറ്റ് ഏഴ്‌പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ലൂസി ലെറ്റ്ബി എന്ന മുന്‍ നഴ്സിന്റെ കേസില്‍ പുതിയ വഴിത്തിരിവ്. ഗുരുതരമായ അവഗണന മൂലമുണ്ടായ നരഹത്യയ്ക്ക് ലൂസി ലെറ്റ്ബിക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരിലേക്ക് കൂടി അന്വേഷണം നീളുമെന്നാണ് ഇന്നലെ പോലീസ് വ്യക്തമാക്കിയത്. നേരത്തെ ഒരു കോര്‍പ്പറേറ്റ് നരഹത്യ എന്ന രീതിയില്‍ തുടര്‍ന്ന അന്വേഷണം കൂടുതല്‍ വിപുലമാക്കി, മുന്‍ നിയോ നാറ്റല്‍ നഴ്സ് കൊലപാതകം നടത്തി എന്ന് പറയപ്പെടുന്ന കാലഘട്ടത്തില്‍ അവര്‍ക്കൊപ്പം ജോലി ചെയ്തിരുന്നവരിലേക്ക് കൂടി അന്വേഷണം നീട്ടാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

എന്നാല്‍, ഏതൊക്കെ ജീവനക്കാരാണ് സംശയത്തിന്റെ നിഴലിലുള്ളതെന്ന് വ്യക്തമാക്കാന്‍ ചെഷയര്‍ പോലീസ് വിസമ്മതിച്ചു. അതുപോലെ എത്രപേരിലെക്കാണ് പുതിയ അന്വേഷണം നീളുക എന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിലുള്ള, അവഗണനമൂലമുള്ള നരഹത്യയ്ക്ക് പരമാവധി ശിക്ഷ ജീവപര്യന്തമാണ്. 2015 ജൂണിനും 2016 ജൂണിനും ഇടയിലായി ഏഴ് നവജാത ശിസുക്കളെ കൊല്ലുകയും മറ്റ് ഏഴുപേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 15 ജീവപര്യന്തങ്ങളാണ് ലൂസി ലെറ്റ്ബിക്ക് വിധിച്ചിട്ടുള്ളത്.

2023 ഒക്ടോബറില്‍, ദീര്‍ഘകാലം നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ലൂസി ലെറ്റ്ബിക്ക് ശിക്ഷ വാങ്ങി നല്‍കിയതിനു ശേഷമായിരുന്നു ചെഷയര്‍ പോലീസ് കോര്‍പ്പറേറ്റ് നരഹത്യയില്‍ അന്വേഷണം ആരംഭിച്ചത്. കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിനു നേരെയാണ് അന്വേഷണം. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്, അത് കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ചില തുമ്പുകള്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ട കേസുകളില്‍ ചിലതിന് ബോധപൂര്‍വ്വമുള്ള അവഗണനയും കാരണമായിട്ടുണ്ട് എന്നാണ് ചില വൃത്തങ്ങല്‍ നല്‍കുന്ന സൂചന.

ഇത് കോര്‍പ്പറേറ്റിന് എതിരെയുള്ള അന്വേഷണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തി എന്ന് സംശയിക്കപ്പെടുന്ന വ്യക്തികളായിരിക്കും ഇവിടെ സംശയത്തിന്റെ നിഴലില്‍ വരിക. അവരുമായി ബന്ധപ്പെട്ടായിരിക്കും ഈ അന്വേഷണം. ഈ അന്വേഷണ ഫലം പക്ഷെ ലൂസി ലെറ്റ്ബിയുടെ ശിക്ഷയെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല എന്നും പോലീസ് പറയുന്നു. സംശയത്തിന്റെ നിഴലിലുള്ളവരെ അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, അവരുടെ ആരുടെ പേരിലും ഇതുവരെ കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടില്ല.