- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക അറസ്റ്റ്; എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളില പ്യൂണ്‍; അബ്ദുല്‍ നാസര്‍ അറസ്റ്റില്‍; എംഎസ് സൊല്യൂഷന്‍സ് അധ്യാപകന് ഫഹദ് മുന്‍പ് ജോലി ചെയ്തിരുന്നത് നാസര്‍ ജോലി ചെയ്ത സ്കൂളില്‍
ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക അറസ്റ്റ്
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച് രംഗത്ത്. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളില പ്യൂണ്‍ ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. പ്യൂണ്‍ അബ്ദുല്‍ നാസറാണ് എംഎസ് സൊല്യൂഷന്‍സ് അദ്ധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. പ്യൂണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അബ്ദുള്‍ നാസര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുന്‍പ് എംഎസ് സൊല്യൂഷന്‍സിലെ സിഇഒ ഷുഹൈബിനെതിരെ കേസെടുത്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
1.31 മില്യന്‍ സബ്‌സ്‌േ്രൈകബഴ്‌സുളള യൂട്യൂബ് ചാനലാണ് എംഎസ് സൊല്യൂഷന്‍സ്. കഴിഞ്ഞ പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യക്കടലാസില്‍ 18 മുതല്‍ 26 വരെ എല്ലാ ചോദ്യങ്ങളും കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബ് പ്രവചിച്ചിരുന്നു. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷ പ്രവചിച്ചതില്‍നിന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യക്തമാവുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളുടെ സഹായത്തോടെ ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തല്‍.
യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എ.ഇ.ഒ. അന്വേഷണം നടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.