- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥർക്കും നിർണായക പങ്ക്; സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി; ഒന്നുമറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ സാധിക്കില്ല; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിന്റെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ വിവാദമായ നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വെട്ടിലാക്കുന്ന കണ്ടെത്തലുമാിയ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷൻ. കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത് മലയാള മനോരമയാണ്.
തിരുവനന്തപുരം കാർഗോ കോംപ്ലക്‌സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വർണം കടത്തിയതിൽ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണ് ഇത്തരമൊരുത്തു ഉത്തരവു പ്രിവന്റീവ് കമ്മിഷണർ പുറപ്പെടുവിച്ചത്. സ്വപ്‌നെയെ അറിയാമായിരുന്നു എന്നാൽ, സ്വർണ്ണക്കടത്തിനെ കുറിച്ച് അറിയില്ലെന്നുള്ള ശിവശങ്കറിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവ്.
ഉത്തവരിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: 'സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല' ഉത്തരവിൽ പറയുന്നു.
യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്‌മേയി എന്നിവർ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്. പല തവണയായി 95.33 കിലോഗ്രാം സ്വർണം കടത്തിയതിൽ ജമാൽ ഹുസൈൻ അൽസാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വർണം കൊണ്ടുവന്നതിൽ റാഷിദ് ഖാമിസ് അൽ അഷ്‌മേയിക്കും പങ്കുണ്ട്.
2 പേർക്കും വിദേശകാര്യമന്ത്രാലയം വഴി കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാൽ, കള്ളക്കടത്തു നടത്തിയവർക്കു നയതന്ത്ര പരിരക്ഷയ്ക്ക് അർഹതയില്ലാത്തതിനാൽ ഇവരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്' പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിൽ പറയുന്നു.
ഒന്നാം പിണറായി സർക്കാറിന് പിടിച്ചുകുലിക്കിയ കേസായിരുന്നു നയതന്ത്ര സ്വർണ്ണക്കടത്തു കേസ്. 2020 ജൂലൈ 5നാണ് അപൂർവങ്ങളിൽ അപൂർവമായ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ തലയ്ക്കു മീതേ വട്ടമിട്ടു പറന്ന് കേസന്വേഷിച്ചു.
കസ്റ്റംസ്, എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ മാറിമാറി അന്വേഷിച്ച സ്വർണക്കടത്ത് കേസിൽ കണ്ടെത്തലുകളെല്ലാം വ്യത്യസ്തമായിരുന്നു. 53 പേരെ പ്രതികളാക്കി കാരണം കാണിക്കൽ നോട്ടിസ് അയച്ച കസ്റ്റംസിന് വിദേശത്തുള്ള പ്രതികളിലേക്കോ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കോ എത്താൻ സാധിച്ചിട്ടില്ല. തീവ്രവാദബന്ധം അന്വേഷിച്ചെത്തിയ എൻഐഎ മുഖ്യപ്രതിയെ വരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചു.
രഹസ്യവിവരത്തെ തുടർന്നാണ് യുഎഇ കോൺസുലേറ്റിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രചാനൽ വഴിവന്ന പാഴ്‌സൽ കസ്റ്റംസ് പിടിച്ചുവച്ചതും ജൂലൈ അഞ്ചിന് പരിശോധിച്ചതും. സ്വർണം കടത്തിയതാണെന്ന് സ്ഥിരീകരിച്ചതോടെ അപൂർവങ്ങളിൽ അപൂർമായ കേസിന് കസ്റ്റംസ് തുടക്കം കുറിച്ചു. കോൺസുലേറ്റിലേ ഉദ്യോഗസ്ഥനായിരുന്ന സരിത്തിനെ അറസ്റ്റ് ചെയ്തു. സരിത്തിൽനിന്ന് സ്വപ്ന സുരേഷിലെത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് സ്വപ്ന വെളിപ്പെടുത്തിയതോടെ കേരളം ഞെട്ടി.
പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചെന്ന ഗുരുതരമായ ആരോപണം ഇതുവരെ തെളിയിച്ചിട്ടില്ല. കോൺസുൽ ജനറലടക്കം യുഎഇ കോൺസുലേറ്റിലെ ഉന്നതരെല്ലാം കള്ളക്കടത്തിന് കൂട്ടുനിന്നതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഇവരെല്ലാം നാടുവിട്ടു. യുഎപിഎ ചുമത്തി കേസെടുത്ത് ഒറ്റരാത്രികൊണ്ടാണ് സ്വപ്നയെയും സംഘത്തെയും പിടികൂടിയത്. നാടകീയമായി കൊച്ചിയിലെത്തിച്ചു. സർക്കാരിനെ മുൾമുനയിൽ നിർത്തി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പലതവണ ചോദ്യം ചെയ്തു.
കസ്റ്റംസ് കരുതൽ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി. തുടർച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വർണക്കടത്ത് നടത്തിയതിനാൽ തീവ്രവാദ പ്രവർത്തനമായി കണക്കാക്കണമെന്നാണ് എൻഐഎയുടെ വാദം. കേസിനാകെ ട്വിസ്റ്റ് വന്നത് ഇഡി അന്വേഷണം തുടങ്ങിയതോടെയാണ്. മുഖ്യസൂത്രധാരനെന്ന് ആരോപിച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
സ്വർണ്ണക്കടത്തു വിവാദത്തിന് പിന്നാലെ ലൈഫ് മിഷനിലും കെഫോണിലുമെല്ലാം ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണം നടത്തി. ഇഡിക്കെതിരെ ജുഡീഷ്യൽ കമ്മിഷനെ ഉപയോഗിച്ച് സർക്കാരും അസാധാരണമായ അന്വേഷണം ആരംഭിച്ചു. ഒടുവിൽ ശിവശങ്കറിനെയടക്കം പ്രതി ചേർക്കുകയും ചെയ്തിരുന്നു.




