പത്തനംതിട്ട: തിരുനെൽവേലി പള്ളികോട്ടൈ നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27). 11 പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകൾ പേരിൽ. ഇതിൽ 11 കേസുകൾ തിരുനെൽവേലി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ. ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ). തിരുനെൽവേലി, കോയമ്പത്തൂർ, ഈറോഡ് പരിധിയിലെ സ്റ്റേഷനുകളിലായി 11 കേസുകൾ.

കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറിയ ക്രിമിനൽ സഹോദരങ്ങളുടെ പശ്ചാത്തലം ഇങ്ങനെയാണ്. തമിഴ്‌നാട് നടുക്കിയ കൊടുംകുറ്റവാളികൾ. കോഴഞ്ചേരി തെക്കേമലയിൽ മാതാപിതാക്കൾക്കൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരും സാധുക്കളായ ലോട്ടറി വിൽപ്പനക്കാരുടെ വേഷം എടുത്തണിഞ്ഞു. ഒടുവിൽ ഇവരുടെ വിശദാംശങ്ങൾ കേട്ട ആറന്മുളയിലെ പൊലീസുകാർ ഞെട്ടിപ്പോയി.

മാടസ്വാമിയുടെ പേരിൽ തെങ്കാശി, കോയമ്പത്തൂർ സ്റ്റേഷൻ പരിധിയിലും കേസുകളുണ്ട്. 2011 ൽ തുടങ്ങി 2018, 2021, 2022 വർഷങ്ങളിലാണ് ഇയാൾക്കെതിരെയുള്ള കൊലപാതക കേസുകൾ. എസ്.സി/എസ്.ടി ആക്ട് പ്രകാരവും രണ്ടുകേസുകളുണ്ട്. 2018 ൽ ആദ്യമായി കേസിൽ അകപ്പെട്ട സുഭാഷ് 2021 ലും 2022 ലും കൊലക്കേസ് പ്രതിയായിട്ടുണ്ട്. സീവൽപേരി പൊലീസ് സ്റ്റേഷനിൽ ഇരുവരും ഉൾപ്പെട്ട കൊലപാതക കേസ് 2022 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇരുവരും തെക്കേമലയിൽ എത്തി ഒളിവ് ജീവിതം തുടങ്ങുന്നത്. പൊലീസ് വാനിൽ കനത്ത സുരക്ഷയിലാണ് ഇവരെ ആറന്മുളയിൽ നിന്ന് തിരുനെൽവേലിയിലേക്ക് കൊണ്ടുപോയത്.

ജയിലിൽ അടക്കം ഇവർ നടത്തിയത് അഞ്ചു കൊലപാതകങ്ങളാണ്. ഇവിടെ വന്ന് ഒളിവിൽക്കഴിഞ്ഞ ഇവർ ജീവിച്ചത് തെക്കേമലയിലും കോഴഞ്ചേരിയിലും ലോട്ടറി വിറ്റാണ്. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് പോയ ആറന്മുള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായരും നാസർ ഇസ്മയിലുമാണ് ഇവരുടെ പെരുമാറ്റത്തിലെ സംശയം കാരണം വിശദമായി ചോദ്യം ചെയ്തത്.

പൊലീസ് എത്തുമ്പോൾ കൈയിൽ ഏതാനും ലോട്ടറി ടിക്കറ്റുകളുമായി തെക്കേമല റോഡരികിൽ നിൽക്കുകയായിരുന്നു മാടസ്വാമിയും സുഭാഷും. ഇരുവരുടെയും പെരുമാറ്റത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അസ്വാഭാവികത അനുഭവപ്പെട്ടു. തുടർന്ന് വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ മറുപടിയിൽ പരസ്പര കൃത്യത ഉണ്ടായില്ല. ഇവർ ഉടനെ എസ്എച്ച്ഓ സി.കെ.മനോജിനെ വിവരം അറിയിച്ചു.

കൈയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് എത്തിക്കാൻ ഇൻസ്പെക്ടർ നിർദ്ദേശം നൽകി. പിന്നാലെ ഇവർ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് നടത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ ഇവരുടെ മാതാപിതാക്കളും എത്തി. തിരുനെൽവേലിയിലെ വിലാസം ലഭിച്ചപ്പോൾതമിഴ്‌നാട് പൊലീസുമായും ബന്ധപ്പെട്ടു. ഇതോടെ ഇരുവരുടെയും ക്രിമിനൽ പശ്ചാത്തലം വെളിവായി. മാടസ്വാമിയും സുഭാഷും ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ പട്ടിക ആറന്മുള പൊലീസിനെയും ഞെട്ടിച്ചു.നാല് വർഷമായി തെക്കേമലയിൽ വീടുകൾ മാറി മാറി താമസിക്കുക ആയിരുന്നു പ്രതികളുടെ മാതാപിതാക്കൾ.

ഇവരുടെ സംരക്ഷണയിൽ ആണ് ആറ് മാസം മക്കളും കഴിഞ്ഞത്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ശക്തമാക്കാനാണ് ആറന്മുള പൊലീസിന്റെ തീരുമാനം. വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ സ്റ്റേഷനിൽ അറിയിക്കാത്ത ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.