- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്രാസ് മുരുകൻ മറ്റൊരു മദ്രാസിലെ മോൻ: കീഴടക്കിയത് സാഹസികമായി
പത്തനംതിട്ട: മൈലപ്ര പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ കൊന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിലെ രണ്ടാം പ്രതി മദ്രാസ് മുരുകൻ എന്ന മുരുകൻ ക്രൂരനായ കൊടുംകുറ്റവാളി. മോഷണവും കൊലപാതകവും മാനഭംഗവും അടക്കം ഇരുപതോളം കേസുകൾ പേരിലുള്ള ഇയാളെയും മറ്റൊരു പ്രതി ബാലസുബ്രഹ്മണ്യനെയും പത്തനംതിട്ട പൊലീസ് കീഴടക്കിയത് അതീവ സാഹസികമായിട്ടാണ്.
ഇത്തരം കേസുകളിലെ പ്രതികളെ മുൻപും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പോയി കീഴടക്കിയിട്ടുള്ള പത്തനംതിട്ട ഡിവൈ.എസ്പി നന്ദകുമാർ ഇവിടെയും പ്രതികളെ പിടികൂടാനുള്ള ദൗത്യം നയിച്ചു. മൂഴിയാർ ഇൻസ്പെക്ടർ ജി. ഗോപകുമാർ, പൊലീസുകാരായ ജയകൃഷ്ണൻ, സന്തോഷ്, സുകേഷ് എന്നിവർ തമിഴ്നാട്ടിലേക്ക് പോയി. മൂന്നു ദിവസം അവിടെ ക്യാമ്പ് ചെയ്തു. തെങ്കാശി പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ ഒളിയിടം സംബന്ധിച്ച് വിവരം ശേഖരിച്ചു. അയ്യാപുരത്തെ തെങ്ങിൻ തോപ്പിൽ വച്ച് സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
തമിഴ്നാട് പൊലീസിനൊപ്പം ചേർന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കൈപ്പിടിയിലാക്കാൻ സാധിച്ചത്. മുരുകൻ നല്ല ഉയരവും തടിയുമുള്ള അഭ്യാസിയാണ്. ചെറുപ്പകാലത്തു തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. മധുരയിൽ എവിടെയോ ആണ് ജനനം. മദ്രാസിലെത്തി അവിടെ കുറ്റകൃത്യങ്ങളിലും ഗുണ്ടായിസത്തിലും ഏർപ്പെട്ടതോടെ മദ്രാസ് മുരുകൻ എന്ന വിളിപ്പേര് ചാർത്തിക്കിട്ടി. 1996 ൽ കുറ്റാലം സന്ദർശിക്കാൻ വന്ന ജർമൻ വനിതയെ ബലാൽസംഗം ചെയ്ത കേസിൽപ്പെട്ടതോടെ മുരുകൻ ദക്ഷിണേന്ത്യയിലെ കൊടുംകുറ്റവാളിയെന്ന് അറിയപ്പെട്ടു തുടങ്ങി.
ഭർത്താവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷമാണ് ജർമൻ വനിതയെ ബലാൽസംഗം ചെയ്തത്. ഇവിടം കൊണ്ടും തീർന്നില്ല. തമിഴ്നാട്ടിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ ഇതു വരെ 20 കേസുകൾ ഉണ്ട്. തെളിയാത്ത കുറ്റകൃത്യങ്ങൾ വേറെയും. സൂബ്രഹ്മണ്യൻ എന്നറിയപ്പെടുന്ന ബാലസുബ്രഹ്മണിയുടെ പേരിൽ അഞ്ചു കേസുകളുണ്ട്.
ഇയാൾ മൈലപ്ര കേസിൽ മൂന്നാം പ്രതിയാണ്. പിടികിട്ടാനുള്ള ഡോൺ എന്ന മുത്തുകുമാറും ക്രൂരനായ കുറ്റവാളിയാണ്. പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ ഒന്നാം പ്രതി ഹരീബ് ആ പരിചയം വച്ചാണ് മോഷണം നടത്തുന്നതിന് വേണ്ടി മുരുകൻ, ബാലസുബ്രഹ്മണ്യൻ, മുത്തുകുമാർ എന്നിവരെ വിളിച്ചു വരുത്തിയത്. ഹരീബിന്റെ ഈ വിളിയാണ് പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.
പ്രതികൾ മോഷണത്തിൽ അതീവ വൈദഗ്ധ്യമുള്ളവരാണ്. മോഷണത്തിന് പോകുമ്പോൾ ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ആദ്യം പൊലീസിന് ഇതു വലിയ തടസമായിരുന്നു. എന്നാൽ, ക്വട്ടേഷൻ കൊടുക്കാൻ വേണ്ടി ഹരീബ് വിളിച്ച കാൾ ഡീറ്റൈയ്ൽസ് പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ പ്രധാന ലക്ഷ്യം മോഷണമാണ്. അതിന് തടസമായി വരുന്നത് എന്താണോ അത് അവർ ഇല്ലാതെയാക്കും.
മൈലപ്രയിലും മോഷണമായിരുന്നു ലക്ഷ്യം. തടയാൻ ശ്രമിച്ചപ്പോഴാണ് ജോർജിനെ കൊന്നത്. ബലം പ്രയോഗിച്ച് ജോർജിനെ കെട്ടിയിടാനുള്ള ശ്രമത്തിൽ വാരിയെല്ലിന് ഒടിവു സംഭവിച്ചു.