- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം പകർത്തി; ഡോക്ടറായ കാമുകന് അയച്ചുനൽകി; ബി.എഡ്. വിദ്യാർത്ഥിനിയും കാമുകനും മധുരയിൽ അറസ്റ്റിൽ; വാട്സാപ്പ് ചാറ്റ് അടക്കം നീക്കം ചെയ്ത് പ്രതികൾ; അന്വേഷണം തുടരുന്നു
മധുര: വനിതാ ഹോസ്റ്റലിലെ അന്തേവാസികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുനൽകിയ കോളേജ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ മധുരയിൽ അറസ്റ്റിൽ. മധുരയിൽ ബി.എഡ്. വിദ്യാർത്ഥിനിയായ കലേശ്വരി(23) കാമുകനായ രാമനാഥപുരം സ്വദേശി ഡോ.ആഷിഖ്(31) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റൽ അന്തേവാസികളായ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് യുവതി കാമുകന് അയച്ചുനൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം പിടിക്കപ്പെട്ടതോടെ വാട്സാപ്പ് ചാറ്റ് മുഴുവൻ പ്രതികൾ നീക്കം ചെയ്തിരുന്നു. കമിതാക്കളുടെ ചാറ്റുകളും മറ്റുദൃശ്യങ്ങളും വിദഗ്ധ പരിശോധനയിലൂടെയാണ് വീണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.
യുവതി ദൃശ്യം പകർത്തുന്നത് മറ്റൊരു പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹോസ്റ്റൽ അന്തേവാസികൾ കലേശ്വരിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു. ഇതോടെ പെൺകുട്ടികൾ ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്.
ഡോക്ടറായ ആഷിഖ് രാമനാഥപുരത്ത് സ്വന്തമായി ക്ലിനിക്ക് നടത്തിവരികയാണ്. നേരത്തെ രാമനാഥപുരത്ത് താമസിക്കുന്ന സമയത്താണ് കലേശ്വരി വിവാഹിതനായ ഡോക്ടറുമായി അടുപ്പത്തിലായത്. കഴിഞ്ഞ ആറുമാസമായി മധുരയിലെ ഹോസ്റ്റലിലായിരുന്നു യുവതി താമസിച്ചുവന്നിരുന്നത്. ഇതിനിടെ കാമുകനായ ആഷിഖ് യുവതിയെ വീഡിയോകോൾ ചെയ്യുന്നതും പതിവായിരുന്നു.
വീഡിയോ കോളിലൂടെ ഹോസ്റ്റലിലെ മറ്റുപെൺകുട്ടികളെയും കാണിക്കാനാണ് ഇയാൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഇവരുടെ കുളിമുറി ദൃശ്യങ്ങളും മറ്റും പകർത്തി അയച്ചുനൽകാനും ആവശ്യപ്പെട്ടു. കാമുകൻ പറഞ്ഞതനുസരിച്ച യുവതി, ഹോസ്റ്റലിലെ മറ്റുപെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങളും കുളിമുറി ദൃശ്യങ്ങളും പകർത്തി വാട്സാപ്പിലൂടെ അയച്ചുനൽകുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളും നിലവിൽ റിമാൻഡിലാണ്. അതേസമയം, ആഷിഖിനെ ചികിത്സയ്ക്കായി പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ ദൃശ്യങ്ങൾ പ്രതികൾ മറ്റാർക്കെങ്കിലും പങ്കുവെച്ചിട്ടുണ്ടോ, അശ്ലീല വെബ്സൈറ്റുകളിൽ അപ് ലോഡ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ