വെള്ളമുണ്ട: വെള്ളമുണ്ടയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദുരൂഹസാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയിൽ പൊയിൽ മഫീദ (50)യുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം രാഷ്ട്രീയ വിവാദമായി കൂടി മാറുകയാണ്. കേസിൽ പ്രതിസ്ഥാനത്ത് ഡിവൈഎഫ്‌ഐ നേതാവ് എത്തിയതോടെയണ് കേസ് രാഷ്ട്രീയമായിു വിവാദമാകുന്നത്. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവും ഉയരുന്നു. സത്യസന്ധമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപെടെയുള്ളവർക്ക് പരാതി നൽകുന്നതിനായി നാട്ടുകാർ ഒപ്പുശേഖരണം നടത്തുന്നുണ്ട്.

രണ്ട് മാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലർ മഫീദ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. അന്ന് തന്നെയാണ് ഇവരെ തീപൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മരണ ശേഷം മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

സംഭവത്തിൽ കേസന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡി.വൈ.എസ്‌പിയുടെ നിരീക്ഷണത്തിൽ മാനന്തസവാടി എസ്.എച്ച്.ഒ അബ്ദുൽകരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചത്. സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. മരണപ്പെട്ട മഫീദയുടെ കുടുംബവും രണ്ടാം ഭർത്താവിന്റെ കുടുംബവും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മഫീദയെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മരണപ്പെട്ട മഫീദയുടെ മകനാണ് വീഡിയോ എടുത്തത്. രണ്ടാം ഭർത്താവിന്റെ മകൻ ജാബിറിനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറിയായ ഇയാളെ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്ഥാനത്ത് നിന്ന് താൽകാലികമായി മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

മഫീദയുടെ ദൂരൂഹ മരണത്തിൽ സമഗ്രന്വേഷണം നടത്തണമെന്ന് മഹിള കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദേഹത്ത് അണിഞ്ഞ വസ്ത്രത്തിനു മേൽ തീ കൊളുത്തിയാണ് മഫീദ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വസ്ത്രത്തിൽ തീ പിടിച്ച സമയം മുതൽ സ്ത്രീയെ രക്ഷപ്പെടുത്താൻ സമയം ഉണ്ടായിട്ടും, തീ ആളിപ്പിടിക്കുന്നത് കണ്ട് വീട്ടുകാർ മുറവിളി കൂട്ടുകയല്ലാതെ രക്ഷിക്കാൻ തയാറാകാത്തതിൽ ദൂരഹതയുണ്ടെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു.

മഫീദയുടെ മരണം നാട്ടുപ്രമാണിമാരിൽ ചിലരും ഭരിക്കുന്ന പാർട്ടിയിലെ ചിലരും ചേർന്ന് ദുരഭിമാന ഭീഷണിമൂലം വിധികൽപ്പിച്ച കൊലപാതകമായിരുന്നുവെന്ന് വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. വിധവയായ മഫീദ കർണാടകയിലെ കുടകിൽ നിന്നും ജീവിക്കാൻ വേണ്ടിയാണ് ഏഴ് വർഷം മുമ്പ് മക്കളുമായി വയനാട്ടിൽ വന്നത്. സംരക്ഷണ വേഷം ധരിച്ച് ഇവരുമായി നാട്ടിലെ പ്രമാണിമാരിൽ ഒരാൾ അടുപ്പത്തിലാവുകയും രഹസ്യവിവാഹം ചെയ്തതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ആദ്യ ഭാര്യയും അതിലുള്ള മക്കളും വിവരം അറിഞ്ഞതോടെ നാട്ടിലെ യുവജന സംഘടനയുടെ നേതാവായ മകൻ ജാബിറും ചില ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും ചേർന്ന് വിവാഹം ചെയ്ത വ്യക്തിയെയും കൂട്ടി കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രി ഇവർ താമസിക്കുന്ന വീട്ടിൽ പോയി ദുരഭിമാനമായി കണ്ട് ഭീഷണിപ്പെടുത്തിയപ്പോൾ ഇവരുടെ കൺമുമ്പിൽ നിന്നാണ് മണ്ണെണ ഒഴിച്ച് തീകൊളുത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യാതെ പൊലീസ് നടപടിക്കെതിരെ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംഭവത്തിൽ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും പ്രക്ഷോഭവുമായി രംഗത്തുണ്ട്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തരുവണയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

തുടർന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി പൊലീസ് നീങ്ങുകയാണെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്നും അറിയിച്ചു. സിപിഎം, ഡിവൈഎഫ്ഐ സംഘടനാ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഭരണസ്വാധീനമുപയോഗിച്ച് കേസ് ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.