- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പിണങ്ങിയപ്പോൾ തീവണ്ടിക്ക് കല്ലേറിഞ്ഞുവെന്ന വാദം വിശ്വസിക്കാതെ അന്വേഷണ സംഘം; വന്ദേഭാരതിന് കല്ലെറിഞ്ഞതിൽ സർവ്വത്ര ദുരൂഹത; ഓടുന്ന ട്രെയിന് കല്ലറിഞ്ഞാൽ പത്തുവർഷം വരെ തടവ് ശിക്ഷ കിട്ടാം; മാഹി കല്ലേറിൽ കൊണ്ടോട്ടിക്കാരൻ സൈബീസിന്റെ മൊഴി അവിശ്വസനീയം
കണ്ണൂർ: മാഹി റെയിൽവെസ്റ്റേഷനു സമീപം വന്ദേഭാരത് എക്സ്പ്രസിനുനേരെകല്ലെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ മൊഴിയിൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണസംഘം. പരസ്പര വിരുദ്ധവും അവിശ്വസനീയമായ മൊഴിയുമാണ് ഇയാൾ നൽകുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് വന്ദേഭാരതിന് നേരെകല്ലെറിഞ്ഞതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇതിനിടെ കേസിലെ പ്രതിയെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപത്ംബർ ഏഴുവരെയാണ് റിമാൻഡ് ചെയ്തത്. മാഹി സ്വദേശിയും മലപ്പുറ കൊണ്ടോട്ടി തുറക്കൂലിലെ താമസക്കാരനുമായ എംപി സൈബീസാ(32)ണ് റെയിൽവെ സുരക്ഷാ സേനയുടെ പിടിയിലായത്. ഓഗസ്റ്റ് 16- നാണ് വന്ദേഭാരതിന്റെ സി.18- കോച്ചിനു നേരെ കല്ലേറുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ആർ. പി. എഫ് ക്രൈം ഡിറ്റക്ഷൻ വിഭാഗം നടത്തിയ അന്വേഷത്തിലാണ് പ്രതി കുടുങ്ങിയത്.
ഫോണിൽ സംസാരിക്കവെ ഭാര്യയുമായി പിണങ്ങിയെന്നും അതിന്റെ ദേഷ്യത്തിലാണ് ട്രെയിനിനു നേരെ കല്ലെറിഞ്ഞതെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. എന്നാൽ ആർ.പി. എഫ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ ഹരജി നൽകുമെന്നും സംഭവത്തിലെ ദുരൂഹതനീക്കാൻവിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതിയുടെ മൊബൈൽ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കുടുക്കിയത്.
വന്ദേഭാരത് എക്സ്പ്രസിലെ പതിനഞ്ച് സി.സി.ടി.വി ക്യാമറാ ദൃശ്യവും മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ അൻപതു സി.സി.ടി. വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽ വന്ദേഭാരതിൽ നിന്നും ഫോൺ ചെയ്യുന്ന ഒരാളുടെ ദൃശ്യം ലഭിക്കുകയും ഇതു പ്രതിയിലെക്ക് എത്തുകയുമായിരുന്നു. തലശേരി ആർ.പി. എഫ്് എസ്. ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ പാലക്കാട് ക്രൈം ടീമും ചോമ്പാല പൊലിസും പങ്കെടുത്തു. ആർ. പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഏകോപിപ്പിച്ചത്. ഓടുന്ന ട്രെയിനനു നേരെ കല്ലെറിഞ്ഞുവെന്ന കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലിസ് അറിയിച്ചു.




