തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷിനെ (20) വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. അപ്പോഴും ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നതിന് ഉത്തരമില്ല.

വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുന്‍വാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.

പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടെന്നുള്ള മാനസിക വിഷമമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്ല. ഈ സാഹചര്യത്തില്‍ മഹിമയുടെ ഫോണ്‍ വിശദാംശങ്ങള്‍ അടക്കം പോലീസ് പരിശോധിക്കും. വീട്ടുകാരുടെ അടക്കം മൊഴി എടുത്ത് മരണ കാരണം കണ്ടെത്താനാണ് പോലീസ് ശ്രമം.