- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണി വരുന്നുണ്ടവറാച്ചാ! മൈലപ്ര ബാങ്കിലെ ബിനാമി വായ്പയിൽ ജീവനക്കാർ മുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വരെ കുടുങ്ങാൻ സാധ്യതയെന്ന് ക്രൈംബ്രാഞ്ച്; വായ്പ എടുത്തവരും മുൻ ഭരണസമിതി അംഗങ്ങളും നെട്ടോട്ടത്തിൽ; മുൻ സെക്രട്ടറി വീണ്ടും അറസ്റ്റിൽ
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ബിനാമി വായ്പാത്തട്ടിപ്പ് കേസിൽ നിരവധിപ്പേർ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകി. ജീവനക്കാർ മുതൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വരെ പ്രതിപ്പട്ടികയിലുണ്ടാകും. ഇതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടി. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപ ബാങ്കിന് നഷ്ടം വരുത്തിയെന്നാണ് ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആർ പറയുന്നത്്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കോടതിയിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ കേസ് രജിസ്റ്റർ ചെയ്തത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേർ വീതമുണ്ട്. ഇവരിൽ ചിലർ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പണം തിരിച്ചടയ്ക്കാൻ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരും മുൻ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും പ്രതികളാകും.
ജീവനക്കാരും പ്രതികളാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിരവധി ഘട്ടങ്ങിലൂടെയാണ് ഒരു വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നൽകുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോൾ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോൾ അതിന് കാരണക്കാരായവരൊക്കെ തന്നെ പ്രതി ചേർക്കപ്പെടുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
ഒരു വസ്തുവിന്റെ പ്രമാണം വച്ച് ആളൊന്നിന് 25 ലക്ഷം രൂപ വീതം 10 പേർക്ക് 2.50 കോടി രൂപ വരെ വായ്പ നൽകിയിട്ടുണ്ട്. ഇത്തരം പത്തോളം വായ്പകൾ ചട്ടം 65 പ്രകാരമുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുതലും പലിശയും സഹിതം തിരിച്ചടവ് 100 കോടിയിലധികം വരുമെന്നാണ് കണക്കു കൂട്ടുന്നത്. മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ഈ കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ജോഷ്വായുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് രണ്ടാം പ്രതിയായ മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും അറസ്റ്റ് ചെയ്യേണ്ടതാണ്. എന്നാൽ, ഹൈക്കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് പൊലീസ് അറസ്റ്റ് ഒഴിവാക്കുകയാണ്. അസുഖ ബാധിതനായ ജെറി ഇക്കാര്യം കൂടി ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സിപിഎം മുൻ ഏരിയാ കമ്മറ്റിയംഗമായ ജെറി അറസ്റ്റ് ചെയ്യപ്പെടുന്നതൊഴിവാക്കാൻ പാർട്ടി നേതൃത്വത്തിന്റെ സമ്മർദവും പൊലീസിനുണ്ട്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി തട്ടിയെന്ന കേസിൽ 14 ദിവസത്തെ റിമാൻഡ് കാലാവധിയും അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയും അവസാനിച്ചതിനാൽ ജോഷ്വായെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജോഷ്വായുടെ റിമാൻഡ് കാലാവധി അടുത്ത മാസം ഒമ്പതു വരെ കോടതി നീട്ടി. ഞായറാഴ്ച ജോഷ്വായുമായി ക്രൈംബ്രാഞ്ച് സംഘം അങ്കമാലിയിൽ തെളിവെടുത്തു. ജോഷ്വായുടെ പെൺമക്കളുടെ ഭർതൃവീടുകളിലാണ് തെളിവെടുപ്പ് നടന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്