പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തി പണവും സ്വർണവും സിസിടിവി ഹാർഡ് ഡിസ്‌കും മോഷ്ടിച്ച് കടന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതം. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ്(73) പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പുതുവേലിൽ സ്റ്റോഴ്സ് എന്ന സ്വന്തം കടയിൽ കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മരണവിവരം പുറത്തു വന്നപ്പോഴേക്കും പകൽ വെളിച്ചം മാഞ്ഞതിനാൽ ഇന്നലെ വൈകിട്ട് മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. ശക്തമായ പൊലീസ് ബന്തവസിൽ കടയ്ക്കുള്ളിൽ യഥാസ്ഥാനത്ത് തന്നെ മൃതദേഹം സൂക്ഷിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. ഇന്നലെ പരിശോധനകൾ ഒന്നും നടന്നില്ല.

ഫോറൻസിക് സംഘം വന്നുവെങ്കിലും പ്രാഥമിക നടപടി ക്രമങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ രാത്രി തന്നെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത് മുഴുവൻ പരിശോധിച്ചു. കാര്യമായ സൂചനകളൊന്നുമില്ല. പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും അതിനിർണ്ണായകമാകും.

ഇതരസംസ്ഥാനക്കാരെ പൊലീസ് സംശയിക്കുന്നുണ്ട്. ജോർജിന്റെ കടയോട് ചേർന്ന് നിരവധി ഇതരസംസ്ഥാനക്കാർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇതിന് പുറമേ കടയിൽ നിന്ന് കെട്ടിടനിർമ്മാണത്തിനുള്ള സാധന സാമഗ്രികളായ തൂമ്പ, കൂന്താലി, കുട്ട, പിക്കാസ്, കോരി, കയർ, മൺവെട്ടി എന്നിവയൊക്കെ വാങ്ങാൻ പണി നടക്കുന്നിടങ്ങളിൽ നിന്ന് ഇതരസംസ്ഥാനക്കാർ എത്തുന്ന പതിവുണ്ട്. ജോർജ് മിക്കപ്പോഴും കടയിൽ ഷർട്ട് ധരിക്കാതെയാകും നിൽക്കുക എന്നാണ് പരിചയക്കാർ പറയുന്നത്. കഴുത്തിലുള്ള ആറു പവന്റെ മാലയിൽ മോഷ്ടാക്കളുടെ നോട്ടം പതിയാനുള്ള സാധ്യതയും ഏറെയാണ്.

പരിസരപ്രദേശങ്ങൾ വ്യക്തമായി നിരീക്ഷിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. എവിടെയൊക്കെ സിസിടിവി ഉണ്ടെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ എത്തിയിരിക്കുന്നത് എന്നു വേണം കരുതാൻ. സിസിടിവികളിൽ പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഇവർ എടുത്തിട്ടുണ്ട്. എങ്കിലും ജോർജിന്റെ കടയിലെ സിസിടിവിയിൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് ഇവർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ചിട്ടുള്ളത്. കടയിൽ കയറി ജോർജിനെ കെട്ടിയിട്ട ശേഷമാകണം ഇവർ ഹാർഡ് ഡിസ്‌ക്്് അഴിച്ചെടുത്തിരിക്കുന്നത്. അതിന് ശേഷമാകാം കൊലപാതകം ചെയ്തത്.

പ്രഫഷണൽ മോഷ്ടാക്കളാണ് കൊലപാതകത്തിനും കവർച്ചയ്ക്കും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഉച്ച കഴിഞ്ഞ് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് കരുതുന്നു. ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. പരിസരവും ജോർജിനെയും ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നത്. ശബരിമല മകരവിളക്ക് തീർത്ഥാടനത്തിന് നട തുറന്ന ദിവസം നോക്കിയാണ് കൊല നടത്തിയിരിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഈ സമയത്ത് വാഹന തിരക്ക് ഏറെയാണ്.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇതിൽ നിന്ന് വാഹനം കണ്ടെത്തി വേണം കൊലയാളികൾക്ക് വേണ്ടി തെരച്ചിൽ നടത്താൻ.