- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോളടിച്ച നിയാസ് കടങ്ങൾ വീട്ടിയെങ്കിലും ഒടുക്കം ജയിലിൽ
പത്തനംതിട്ട: നാടു നടുക്കിയ മൈലപ്ര ജോർജ് ഉണ്ണൂണ്ണി കൊലക്കേസിൽ പ്രതികൾ നടത്തിയത് കൃത്യം ആസൂത്രണം. കൊലപാതകവും കവർച്ചയും കഴിഞ്ഞ് മണിക്കൂറുകൾക്കകം ജോർജ് ഉണ്ണൂണ്ണിയുടെ ഏഴു പവനോളം വരുന്ന മാല പ്രതികൾ വിറ്റു കാശാക്കി. പത്തനംതിട്ട കോളജ് റോഡിലെ മലബാർ ഗോൾഡിലാണ് മാല വിറ്റത്. ഇതിന്റെ വില പ്രതികളിൽ ഒരാളായ നിയാസിന്റെ അക്കൗണ്ടിലേക്കാണ് ജൂവലറിയിൽ നിന്നും ഇട്ടു കൊടുത്തത്.
കവർച്ചയ്ക്കായി ജോർജിനെ കൊലപ്പെടുത്തിയ കേസിൽ പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ക്വാർട്ടർ, ആരിഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹരീബ് (38), തെങ്കാശി സ്വദേശി മദ്രാസ് മുരുകൻ എന്നറിയപ്പെടുന്ന മുരുകൻ (42), മധുരൈ മുനിച്ചലാൽ സിന്താമണി ചിന്നഅനുപ്പനാടി കാമരാജർ സ്ട്രീറ്റിൽ വീട്ടുനമ്പർ 2/119 ൽ ബാലസുബ്രഹ്‌മണി എന്നു വിളിക്കുന്ന എം. സുഹ്‌മ്രണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണ് ഡിവൈ.എസ്‌പി എസ്.നന്ദകുമാർ, മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇതിൽ നിയാസ് അമാന് കൊലപാതകവും കവർച്ചയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, തൊണ്ടി മുതലായ ജോർജിന്റെ സ്വർണമാല വിറ്റു പണം വാങ്ങിയത് ഇയാളാണ്. ഡിസംബർ 30 ന് വൈകിട്ട് മൂന്നിനും നാലരയ്ക്കുമിടയിലാണ് ജോർജ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. തൊട്ടുപിന്നാലെ തമിഴ്‌നാട്ടിൽ നിന്ന് വന്ന പ്രതിക െഓട്ടോറിക്ഷയിൽ ഹരീബ് കെഎസ്ആർടിസിയിൽ കൊണ്ടു പോയി ബസ് കയറ്റി വിട്ടു. കടയിൽ നിന്നും എടുത്ത എഴുപതിനായിരത്തോളം രൂപയിൽ പതിനായിരം രൂപയുമായിട്ടാണ് ഇവർ മടങ്ങിയത്. മാല വിറ്റ ശേഷം അറിയിക്കാമെന്നും അപ്പോൾ വന്ന വിഹിതം കൈപ്പറ്റാമെന്നും പറഞ്ഞാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മോഷ്ടാക്കൾ മടങ്ങിയത്.
സ്വർണമാല ഹരീബ് വിൽക്കാൻ ഏൽപ്പിച്ചത് നിയാസ് അമാനെയാണ്. കവർച്ചയ്ക്കിടെ മാല പൊട്ടിയിരുന്നു. ഏഴു പവനിലധികം വരുന്ന മാലയുടെ കൊളുത്തും ലോക്കറ്റും കൃത്യം നടന്ന സ്ഥലത്ത് കിടന്നത് ഉപേക്ഷിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇത് പിന്നീട് ജോർജിന്റെ മൃതദേഹത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പൊട്ടിയ മാലയുമായി നിയാസ് ടൗണിലെ നിരവധി ജൂവലറികളിൽ കയറിയിറങ്ങിയെങ്കിലും ആരും വാങ്ങിയില്ല. ഒടുവിൽ ഭാര്യയെയും മക്കളെയും കൂട്ടി നിയാസ് കോളജ് റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡിൽ എത്തിച്ചേർന്നു. ഇവർ മാല എടുക്കാൻ തയാറായി. ഭാര്യയുടെ മാലയാണെന്നും അവൾക്ക് സുഖമില്ലാത്തതിനാൽ ചികിൽസിക്കാൻ പണത്തിന് വേണ്ടിയാണ് വിൽക്കുന്നതെന്നും പറഞ്ഞു.
കുടുംബവുമായി എത്തിയതിനാൽ ജൂവലറി ജീവനക്കാർ നിയാസ് പറഞ്ഞത് വിശ്വാസത്തിൽ എടുത്തു. തുടർന്ന് നിയാസിന്റെ ആധാർ കാർഡും അക്കൗണ്ട് നമ്പരും വാങ്ങി. മാലയുടെ വിലയായി 2.99 ലക്ഷം നിയാസിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഈ സമയം ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകവും കവർച്ചയുമെല്ലാം മാധ്യമങ്ങളിലും സോഷ്യമീഡിയയിലും വൈറൽ ആയിരുന്നു. പണം തന്റെ അക്കൗണ്ടിൽ കിട്ടിയ നിയാസ് അത് പിൻവലിച്ച് വാഹനത്തിന്റെ സിസിയും ചിട്ടയുടെ തവണയും അടച്ചു. വീട്ടിലേക്ക് പുതിയ മിക്സി അടക്കം ഉപകരണങ്ങളും വാങ്ങി. ചെലവാക്കിയ പണത്തിന്റെ ബാക്കി 2.33 ലക്ഷം നിയാസിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തമിഴ്‌നാട്ടുകാരായ പ്രതികൾ രണ്ടു ദിവസത്തിന് ശേഷം വന്ന് തങ്ങളുടെ വിഹിതം വാങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, അന്വേഷണം മുറുകിയതോടെ ഇവർക്ക് പറഞ്ഞ സമയത്ത് എത്താൻ കഴിഞ്ഞില്ല. ഹരീബിനും ഒളിവിൽപ്പോകേണ്ടി വന്നു.
ശരിക്കും കോളടിച്ചത് നിയാസിനായിരുന്നു. കൊലപാതകത്തിലും കവർച്ചയിലും നേരിട്ട് പങ്കെടുക്കേണ്ടി വന്നില്ലെങ്കിലും ചുളുവിൽ മൂന്നു ലക്ഷത്തോളം രൂപ കൈവശം വന്നു ചേർന്നപ്പോൾ നിയാസ് ധാരാളിയായി. കിട്ടിയ പണം കൊണ്ട് ആഘോഷിക്കാനായിരുന്നു തീരുമാനം. അതിനിടെയാണ് ഹരീബ് പൊലീസ് പിടിയിൽ ആയതും നിയാസിനെ കസ്റ്റഡിയിൽ എടുത്തതും. നിയാസുമായി ഇന്നലെ പൊലീസ് സംഘം മലബാർ ഗോൾഡിൽ തെളിവെടുത്തു. മോഷണ മുതൽ ആണെന്ന് അറിഞ്ഞു കൊണ്ട് മാല വിറ്റതിനാണ് നിയാസിനെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് പറഞ്ഞു.
എന്നാൽ, മോഷണ മുതൽ വാങ്ങിയ ജൂവലറിക്കെതിരേ കേസെടുക്കാത്തത് എന്തെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. പൊട്ടിയ മാലയുമായി ചെന്നാൽ സ്വാഭാവികമായും സംശയം തോന്നേണ്ടതാണ്. പോരെങ്കിൽ വാർത്താ മാധ്യമങ്ങളിൽ അടക്കം കൊലക്കേസ്് നിറഞ്ഞു നിന്നു. ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ കടയിൽ ഒരാൾ വന്ന് മാല വിറ്റ വിവരം ജൂവലറിക്കാർ നേരിട്ട് പൊലീസിൽ അറിയിച്ചിരുന്നില്ല. നിയാസിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിവരം പൊലീസും അറിയുന്നത്. തുടർന്നാണ് തെളിവെടുപ്പ് നടന്നത്. ജൂവലറിക്കാരെ സാക്ഷിയാക്കി കേസ് മുന്നോട്ടു പോവുക.