- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: റിമാൻഡിലുള്ള മുൻ സെക്രട്ടറിയെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും; 89 ബിനാമി വായ്പകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന്; മുൻ പ്രസിഡന്റ് അടക്കം അഴിക്കുള്ളിലേക്ക്
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിലായി കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം നാളെ സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ ജോഷ്വയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും അനുമതി ലഭിച്ചിരുന്നു. കസ്റ്റഡിയിൽ വാങ്ങുന്ന ജോഷ്വയെ മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനൊപ്പമിരുത്തിയും ചോദ്യം ചെയ്യും. ഈ കേസിൽ ജെറി പ്രതിയല്ലെങ്കിലും ഗോതമ്പ് പർച്ചേസിന്റെ പേരിൽ തട്ടിപ്പ് നടന്ന മൈഫുഡ് റോളർ ഫാക്ടറി ബാങ്കിന്റെ അനുബന്ധസ്ഥാപനമാണ്. മുൻ പ്രസിഡന്റ് അതിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം.
സെപ്റ്റംബർ 25 വരെ റിമാൻഡ് ചെയ്തിരിക്കുന്ന ജോഷ്വാ മാത്യു കൊട്ടാരക്കര സബ്ജയിലിലാണുള്ളത്. ഗോതമ്പ് പർച്ചേസ് അഴിമതിയിൽ ചില്ലിക്കാശു പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജോഷ്വാ മാത്യു അന്വേഷണ സംഘത്തിന് കൊടുത്തിരിക്കുന്ന മൊഴി. അതിനിടെ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസ് കൂടി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് വിട്ടു. 89 ബിനാമി വായ്പ മുഖേനെ 86.12 കോടി രൂപ തട്ടിയെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂർ യൂണിറ്റിന് കൈമാറിയിരിക്കുന്നത്.
മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്‌പി എ. അബ്ദുൾ റഹിം തന്നെയാകും ഈ കേസും അന്വേഷിക്കുക. മൊത്തം മൂന്നു കേസാണ് മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ കേസ് ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയും ഏക പ്രതിയായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സഹകാരിയായ ബാബു നിക്ഷേപത്തുക തിരിച്ചു കിട്ടുന്നതിന് വേണ്ടി നൽകിയ പരാതിയിൽ എടുത്ത കേസാണ് രണ്ടാമത്തേത്. ഇത് ലോക്കൽ പൊലീസാണ് അന്വേഷിക്കുന്നത്. ബിനാമി വായ്പയുടെ പേരിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇപ്പോൾ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്. ബിനാമി വായ്പ തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും.
മുൻ പ്രസിഡന്റും മുൻ സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മനും മറ്റ് നിരവധി പ്രമുഖരും ഈ കേസിൽ കുടുങ്ങും. കരുവന്നൂർ ബാങ്കിൽ നടന്ന അതേ രീതിയിലുള്ള തട്ടിപ്പാണ് ഇവിടെയും ആവർത്തിച്ചിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്