പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തി കീശയിലാക്കിയ കോടികൾ എന്തു ചെയ്തുവെന്ന് അന്വേഷിച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.

തട്ടിയെടുത്ത പണം കേരളത്തിൽ ബിനാമി നിക്ഷേപം നടത്തിയെന്ന സൂചനയെ തുടർന്ന് നിലവിൽ കസ്റ്റഡിയിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവുമായി തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തും. കോയമ്പത്തൂരിലേക്കാകും അന്വേഷണം സംഘം പോവുകയെന്നാണ് സൂചന. ഇവിടെ മുൻ സെക്രട്ടറിയും മറ്റു ചിലരും ചേർന്ന് വസ്തുവകകൾ വാങ്ങിക്കൂട്ടിയെന്ന സംശയത്തിലാണ് അന്വേഷണം.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിൽ ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസിൽ റിമാൻഡിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ഇന്നലെ സി.ജെ.എം കോടതി 25 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വിട്ടു കിട്ടിയതിന് പിന്നാലെ ഡിവൈ.എസ്‌പി എം.എ അബ്ദുൾ റഹിം ജോഷ്വായുമായി ബാങ്കിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കാണാതായ 100 കോടിയുടെ കണക്കുകൾ തന്റെ കൈവശമുണ്ടെന്നും എല്ലാം താൻ പറയുമെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇടപെട്ടിട്ടില്ലെന്നും ജോഷ്വ ചോദ്യത്തിന് മറുപടി നൽകി.

ഉച്ച കഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5.30 വരെയാണ് ജോഷ്വായുമായി അന്വേഷണ സംഘം ബാങ്കിൽ തെളിവെടുത്തത്. മൈഫുഡ് റോളർ ഫാക്ടറിയിലെ ക്രമക്കേടുകൾ രേഖകൾ സഹിതം നിരത്തി ഡിവൈ.എസ്്.പിയുടെ നേതൃത്വത്തിൽ ജോഷ്വായോട് ചോദിച്ചെങ്കിലും ഇയാൾ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

വ്യക്തിയുടെ പേരിലെടുത്ത 60 ലക്ഷം രൂപയുടെ വായ്പ ഫാക്ടറിയിലേക്ക് മാറ്റിയത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് പ്രധാനമായും ചോദിച്ചത്. ഇത് പലിശ സഹിതം 90 ലക്ഷമായി. വ്യക്തിയുടെ പേരിലെടുത്ത ലോൺ ക്ലോസ് ചെയ്തെങ്കിലും ഫാക്ടറിയിൽ നിന്ന് ഈ തുക ബാങ്കിന് തിരികെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി സംശയങ്ങൾ ദൂരീകരിക്കാനുണ്ട്. ഈ വായ്പയാണ് ഫാക്ടറിയുടെ ബാധ്യതയിൽ ഏറ്റവും വലുത്.

ജോഷ്വായെ ബാങ്കിൽ കൊണ്ടു വന്ന വിവരം അറിഞ്ഞ് സ്ത്രീകൾ അടക്കം നിരവധി നിക്ഷേപകരാണ് അവിടെ വന്നു കാത്ത് നിന്നത്. ഇവരിൽ പലരും ഇയാൾക്ക് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു. നിക്ഷേപകരിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഇന്ന് വീണ്ടും തെളിവെടുപ്പ് തുടരും. മുൻ ജീവനക്കാരനും മൈഫുഡ് റോളർ ഫാക്ടറിയിലെ കരാറുകാരനുമായ ഷാജഹാനൊപ്പമിരുത്തി ചോദ്യം ചെയ്യും.

ഇയാൾക്ക് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനോടും ഇന്നു തന്നെ ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. ജോഷ്വായ്ക്കൊപ്പമിരുത്തി ജെറിയോടും കാര്യങ്ങൾ ചോദിച്ച് അറിയും. ശാരീരിക അസ്വസ്ഥതകൾ കാരണം ജെറി ചോദ്യം ചെയ്യലിന് എത്തുന്ന കാര്യത്തിൽ സംശയം ഉണ്ട്.