പത്തനംതിട്ട: പത്തനംതിട്ടയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികൾ കുറ്റം സമ്മതിച്ചന്നെ് സൂചനയുണ്ട്. എന്നാൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച വൈകിട്ട് ആണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കടക്കുള്ളിൽ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു. ഇവ പുതിയതായിരുന്നു. ഈ കൈലി മുണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണ്ണായകമായത്. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാലയും കാണാനില്ലായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മൈലപ്രയിൽ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോർജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉൾപ്പെടെയുള്ളവ വിൽക്കുന്ന കടയിലാണ് സംഭവം.

ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകം ശ്വാസംമുട്ടിച്ചെന്നു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നിൽ പൊട്ടലുള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണു ശരീരത്തിലുള്ളതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. ജോർജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മാലയുടെ കൊളുത്തു തറയിൽനിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുന്ന നിലയിലാണ്.

ഇന്നലെ രാവിലെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 12 മണിയോടെയാണു പൂർത്തിയായത്. പൊലീസ് നായ സംഭവ സ്ഥലത്തു നിന്നു മണം പിടിച്ചു 400 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടർന്നു. ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും പൊലീസിന് നിർണ്ണായക തെളിവ് കിട്ടിയെന്നും സൂചനയുണ്ട്.

കടയിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും ഹാർഡ് ഡിസ്‌ക് അടക്കം മോഷണം പോയതിനാൽ കടയെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് സംശയം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 2 ഡിവൈഎസ്‌പിമാർ അടങ്ങിയ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.