മാനന്തവാടി: വയനാട് തവിഞ്ഞാൽ മക്കിമല കൊടക്കാട് വനമേഖലയിൽ വ്യാപക പരിശോധനയ്ക്ക് തണ്ടർബോൾട്ട്. ഇവിടെ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഐ.ഇ.ഡി (ഇംപ്ര?വൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്ന സാഹചര്യത്തിലാണ് ഇത്. സ്ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റണേറ്ററും ഫ്യൂസ് വയറുകളുമാണ് കണ്ടെത്തിയതെന്ന് മാനന്തവാടി ഡിവൈ.എസ്‌പി ബിജുലാൽ അറിയിച്ചു..

കോഴിക്കോട്, കണ്ണൂർ ബോബ് സ്‌ക്വാഡുകളുടെ സാന്നിദ്ധ്യത്തിൽഅരീക്കോട് നിന്നുള്ള തണ്ടർബോൾട്ട് സ്പെഷൽ ഓപ്പറേഷൻ ടീം ബോംബുകൾ രാവിലെ നിർവീര്യമാക്കി. സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. തണ്ടർബോൾട്ട്, എ.ടി.എസ് സംഘങ്ങൾ ഇന്നും പരിശോധന തുടരും. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്‌പി തപോഷ് ബസുമതാരി ഉൾപ്പെടെ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മാവോയിസ്റ്റ് സംഘം തന്നെയാണ് കുഴിബോംബിനു പിന്നിലുമെന്നാണ് പൊലീസ് നിഗമനം. ഇതിന് അനുസരിച്ചാണ് പൊലീസ് എഫ് ഐ ആർ ഇട്ടതും. മാവോയിസ്റ്റുകളെ പ്രതിചേർത്ത് തലപ്പുഴ പൊലീസ് കേസെടുത്തു. പ്രതികളുടെമേൽ യുഎപിഎ കുറ്റം ചുമത്തി. ബോംബ് സ്ഥാപിച്ചത് തണ്ടർബോൾട്ടിനെ അപായപെടുത്താനാണെന്നും എഫ്‌ഐആറിൽ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ വനം വകുപ്പ് താൽക്കാലിക വാച്ചർമാരായ ബാലചന്ദ്രനും, ചന്ദ്രനും നടത്തിയ പതിവു പരിശോധനക്കിടെയാണ് കാട്ടാനയ്ക്കായി സ്ഥാപിച്ച ഫെൻസിങ്ങിന്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടത്. ഇലക്ര്ടിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിക്കുകയായിരുന്നു.
മക്കിമലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. ഛത്തീസ്‌ഗഡിലടക്കമുള്ള സ്വാധീനമുള്ള മേഖലകളിൽ മാത്രം മാവോയിസ്റ്റുകൾ പയറ്റുന്ന ഈ ആക്രമണ രീതി വയനാട്ടിൽ കണ്ടെത്തിയതിനെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികളും കാണുന്നത്. തിരുച്ചിറപ്പള്ളിയിലെ വെട്രിവേൽ എക്‌പ്ലോസീവ് എന്ന സ്ഥാപനത്തിന്റെ പേരുള്ള കവറിലാണ് അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്‌ഫോടക വസ്തു കണ്ടെത്തിയത്.

മക്കിമലയിൽ കണ്ടെത്തിയ ബോംബ് മാവോയിസ്റ്റുകൾ വച്ചതെന്ന നിലയിലാണ് പൊലീസ് അന്വേഷണം. മാവോയിസ്റ്റായിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് വിലയിരുത്തൽ. കണ്ണൂർ അയ്യൻ കുന്ന് ഉരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ കവിതക്ക് വെടിയേറ്റരുന്നു. പിന്നാലെ മരിച്ചു. ഇതിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പോസ്റ്ററും പതിച്ചു. അന്നാണ് മരണ വിവരവും വെളുപ്പെടുത്തിയത്. രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്നായിരുന്നി അന്നത്തെ പോസ്റ്റർ.

കബനി ദളത്തിന്റെ കമാൻഡർ സി.പി മൊയ്തീൻ ബോംബ് നിർമ്മാണത്തിൽ പരിശീലനം ലഭിച്ചയാളാണ്. മക്കിമലയിൽ തണ്ടർബോൾട്ട് റോന്തു ചുറ്റുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടക ശേഖരം കണ്ടെത്തിയത്. മുപ്പത് മീറ്റർ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകൾ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്. ഒളിച്ചിരുന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്‌ഫോടനമാണ് മാവോയിസ്റ്റുകൾ ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തൽ.

കബനി ദളത്തിന്റെ നേതാവ് സിപി മൊയ്തീന് ബോബ് നിർമ്മാണം അറിയാമെന്നതിനാൽ ആ ദിശയിലാണ് അന്വേഷണം. 2014ൽ തിരുനെല്ലിയോട് ചേർന്നുള്ള കർണാടക അതിർത്തിയിൽ വച്ച് ബോംബുണ്ടാക്കുന്നതിനിടെയാണ് മൊയ്തീന്റെ ഒരു കൈപ്പത്തി തകർന്നത്. അന്നുണ്ടായ പൊട്ടിത്തെറിയിൽ മാവോയിസ്റ്റ് ഷിനോജ് കൊല്ലപ്പെട്ടിരുന്നു.ബോംബുണ്ടാക്കുന്നതിനുള്ള സാധനങ്ങൾ കൊറിയർ വഴിയാണോ മാവോയിസ്റ്റുകൾക്ക് ലഭിച്ചത്, അല്ല ക്വാറി ഉടമകളിൽ നിന്ന് കൈക്കലാക്കിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

തലപ്പുഴ കമ്പമല, മക്കിമല മേഖല കബനി ദളത്തിന്റെ ഇഷ്ടമേഖലയായി ഇപ്പോഴും തുടരുന്നുവെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. തിരുനെല്ലി വഴി കർണാടകത്തിലേക്കും പാൽചുരം വഴി കൊട്ടിയൂരും വാളാട് കുഞ്ഞോം വഴി ബാണാസുര കാടുകളിലേക്കും നീങ്ങാം. ഈ സാധ്യത മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് തിരിച്ചറിവ്.