- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്കൂട്ടം ചുരം വനപാതയിൽ ട്രോളി ബാഗിലാക്കി തള്ളിയത് കാണാതായ കണ്ണവം സ്വദേശിനിയെയാണെ സംശയത്തിൽ അന്വേഷണ സംഘം; യുവതിയുടെ അമ്മയിൽ നിന്നും മൊഴിയെടുത്തു; മൃതദേഹം തിരിച്ചറിയാനാവാതെ ബന്ധുക്കൾ; ഡിഎൻഎ പരിശോധന നടത്തിയേക്കും
കണ്ണൂർ: മാക്കൂട്ടം വനത്തിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീരാജ്പേട്ട പൊലിസ് കണ്ണവത്തെത്തി അന്വേഷണമാരംഭിച്ചു. വീരാജ് പേട്ട പൊലിസ്ഇൻസ് പെക്ടർ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കണ്ണവത്തു നിന്നും കാണാതായ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്.
പൊലിസ് ആവശ്യപ്പെട്ടതു പ്രകാരം കഴിഞ്ഞ ദിവസം കണ്ണവത്ത് കാണാതായ യുവതിയുടെ ബന്ധുക്കൾ മടിക്കേരിയിലെത്തി യുവതിയടെ മൃതദേഹം കണ്ടെങ്കിലും അഴുകിയതിനാൽ സ്ഥിരീകരിക്കാനായില്ല. ഇവരുടെ ദേഹത്തുണ്ടായിരുന്ന വസ്ത്രവും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനിയാകാൻ തൊണ്ണൂറ് ശതമാനം സാധ്യതയില്ലെന്നാണ് ബന്ധുക്കൾ പൊലിസിന് ഇതിനു ശേഷം മൊഴി നൽകിയത്. എന്നാൽ ഈക്കാര്യം ഇതുവരെ സ്ഥിരീകരിക്കാൻ പൊലിസ് തയ്യാറായിട്ടില്ല.
പോസ്റ്റുമോർട്ടം നടത്തിയ മടിക്കേരി ഗവ.കോളേജിലെ സർജൻ 25-നും 35-നും മധ്യേ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നു റിപ്പോർട്ടു നൽകിയിട്ടുണ്ട്. കണ്ണവത്ത് നിന്നും കാണാതായ യുവതിക്ക്3 1-വയസാണുള്ളത്.കാണാതാകുമ്പോൾ ചൂരിദാറായിരുന്നു ഇവരുടെയും വേഷം, ഇവയാണ് കണ്ണവം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പൊലിസിനെ പ്രേരിപ്പിച്ചത്. യുവതിയുടെ ആധാറും തിരിച്ചറിയൽകാർഡുകളും വീരാജ് പേട്ട പൊലിസ് ശേഖരിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ അമ്മയുടെ രക്തസാമ്പിൾ ഡി. എൻ. എ പരിശോധനയ്ക്കായി ശേഖരിക്കും. ഈക്കാര്യം പിന്നീട് അറിയിക്കുമെന്ന് പൊലിസ് പറഞ്ഞു. മൂന്ന് അമേരിക്കൻ ട്രാവലർ ട്രോളിയിലായി യുവതിയുടെ മൃതദേഹം വെട്ടികഷ്ണമാക്കി തുണ്ടം തുണ്ടമാക്കിയ നിലയിൽ കേരളാ അതിർത്തിയിൽ നിന്ന് പതിനേഴു കിലോമീറ്റർ അകലെയുള്ള വീരാജ് പേട്ടയ്ക്കടുത്തുള്ള പെരുമ്പാടി ചെക്ക് പോസ്റ്റിനു സമീപാണ് വനശുചീകരണം നടത്തുന്ന കർമസേന കണ്ടെത്തിയത്.
ഇതു അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നു പൊലിസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനായി കേരള പൊലിസിന്റെ സഹായവും അന്വേഷണത്തിൽ വീരാജ്പേട്ട പൊലിസ് തേടിയിട്ടുണ്ട്. കുടക് ജില്ലയിൽ യുവതിയെ കാണാതായ നാലു സംഭവങ്ങളുണ്ടെങ്കിലും പരാതി പൊലിസ് സ്റ്റേഷനുകളിലെത്തിയിട്ടില്ല.
ഈ സംഭവങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. മൃതദേഹത്തിന്റെ പഴക്കം സംശയിക്കുന്ന ദിവസങ്ങൾക്കു മുൻപ് കൂട്ടുപുഴ ഭാഗത്തേക്ക് പെരുമ്പാടി ഭാഗത്തേക്കും കടന്നുപോയ മുഴുവൻ വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയും നടന്നുവരികയാണ്. പൊലിസ് സംഘം വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിവരുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്