- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാക്കൂട്ടം ചുരം പാതയിൽ കൊല്ലപ്പെട്ട യുവതി ആര് ? പ്രതികൾ ആര്? ഒരു തുമ്പും കിട്ടാതെ വീരാജ്പേട്ട പൊലീസ്; കാണാതായെന്ന് സംശയിച്ച കണ്ണവം സ്വദേശിനിയെ മുരിങ്ങേരിയിൽ നിന്ന് കണ്ടെത്തി; ഇനി അന്വേഷണം കണ്ണപുരത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ച്
കണ്ണൂർ: മാക്കൂട്ടം ചുരം പാതയിലെ പനമ്പാടിയിൽ യുവതിയെ നീല അമേരിക്കൻ ട്രോളിബാഗിൽ കഷ്ണങ്ങളാക്കി അറുത്തുമുറിച്ചു വനത്തിലെ കുഴിയിൽ തള്ളിയ സംഭവത്തിൽ കർണാടക പൊലിസ് ഇരുട്ടിൽ തപ്പുന്നു. നാടിനെ നടുക്കിയ അരുംകൊലയെ കുറിച്ചു വീരാജ്പേട്ട സി. ഐയുടെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതിയെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വാഹനത്തിൽ രാത്രി കൊണ്ടുവന്നാണ് മൂന്ന് പെട്ടികളിലായി മൃതദേഹം കൊണ്ടുവന്നു തള്ളിയതെന്നു പൊലിസ് പറയുന്നുണ്ടെങ്കിലും പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിലെ അതിർത്തിജില്ലകളിലെ പൊലിസ് സേനയുടെ സഹായത്തോടെയാണ് വീരാജ് പേട്ട പൊലിസ് കേസ് അന്വേഷണം നടത്തിവരുന്നത്.
എന്നാൽ പൊലിസ് പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ(31)യെയാണ് പേരാവൂർ മുരിങ്ങോടിയിലെ കോളനിയിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്‌ച്ച രാവിലെയാണ് ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭർതൃമതിയായ രമ്യയെ കാണാതായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവർ.
മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയൽ കാർഡും കൊണ്ടു പോവുകയും ചെയ്തിരുന്നു. മാക്കൂട്ടത്തുകൊല്ലപ്പെട്ട യുവതി രമ്യയാണോയെന്നു തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം രമ്യയുടെ മാതാവിനെ കാണിച്ചിരുന്നു.
മൃതദേഹത്തിൽ കണ്ടെത്തിയ ചൂരിദാർ രമ്യയുടെതാണെന്ന് അറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്. എന്നാൽ ഇതുതന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് രമ്യയാകാൻ സാധ്യതയില്ലെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാൽ അപ്പോഴും രമ്യയെവിടെയെന്ന ചോദ്യം ബാക്കിയായി. ഇതേ തുടർന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലിസ് തെരച്ചിൽ ശക്തമാക്കിയത്. സോഷ്യൽമീഡിയയിൽ ഇവരുടെ ചിത്രം വ്യാപകമായി പൊലിസ് പ്രചരിപ്പിച്ചിരുന്നു.
പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയിൽ ഇവർ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലിസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത രമ്യയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. രമ്യയെ നേരത്തെയും പലതവണ കാണാതായതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇവർ തനിയെ തിരിച്ചുവരാറാണ് പതിവ്.
കണ്ണൂർ ജില്ലയിലെ കണ്ണപുരത്തുനിന്നും യുവതിയെ കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലിസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും യുവതിയുടെ ഫോട്ടോയടക്കം ശേഖരിച്ചിട്ടുണ്ട്. തങ്ങൾ നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേരളാ പൊലിസിന്റെ സഹായം ഇക്കാര്യത്തിൽ കൂടുതൽ ലഭിക്കുമെന്നാണ് വീരാജ് പേട്ട സി. ഐയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.