- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് അബ്കാരി കേസിൽ കുടുങ്ങി
കോട്ടയം: വീട്ടിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച കേസിൽ മണർക്കാട്ടെ കൊള്ളപലിശക്കാരൻ മാലം സുരേഷ് എന്ന കെ വി സുരേഷ് കുടുങ്ങി. ഇയാളുടെ മണർകാട്ടെ വീട്ടിൽ നിന്ന് 16 ലിറ്റർ വിദേശ മദ്യം പിടികൂടി. കേസിൽ കോടതിയിൽ ഹാജരാക്കിയ സുരേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെള്ളകം സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൊലീസ് ഇന്നലെ കോട്ടയം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ സുരേഷിന്റെ മാലത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. അബ്കാരി കേസിൽ കുടുങ്ങിയ സുരേഷിനെതിരെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം തുടരുന്നു.
നിരാലംബരായ നിരവധിപേർ കൊള്ള പലിശക്കാരനായ മാലം സുരേഷിന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറിയിട്ടുണ്ട്. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും, സംസ്ഥാന പൊലീസിലെ ഉന്നതന്മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കൊള്ളപ്പലിശ ഈടാക്കി കഴുത്തറുക്കലിന് പകരം, കേസുകളിൽ ഉൾപ്പെടുന്ന വൻകിടക്കാർക്ക് വേണ്ടി വക്കാലത്തെടുത്ത് ഗുണ്ടാ പ്രവർത്തനം നടത്തുകയാണ് മാലം സുരേഷിന്റെ ഇപ്പോഴത്തെ പരിപാടിയെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി അനിൽ മറുനാടനോട് പറഞ്ഞു. തെള്ളകം സ്വദേശിയായ വ്യവസായിയെയും ഇയാൾ ഇത്തരത്തിലാണ് ഭീഷണിപ്പെടുത്തി വഴിപ്പെടുത്താൻ ശ്രമിച്ചത്. കേരളത്തിലും, തമിഴ്‌നാട്ടിലും വ്യവസായങ്ങളുള്ള തെള്ളകം സ്വദേശിയായ വ്യവസായിയെ ഒരു സംഘം നാട്ടിൽ വച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടാണ് മാലം സുരേഷ് രംഗത്തെത്തിയത്. വധശ്രമക്കേസിലെ( ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നു) പ്രതികൾക്കെതിരായ 'കള്ളക്കേസ്' പിൻവലിച്ചില്ലെങ്കിൽ, വ്യവസായിയുടെ എല്ലാ സ്വത്തുക്കളും നശിപ്പിക്കുമെന്നും പരോക്ഷമായി ഭീഷണിപ്പെടുത്തി.
എന്നാൽ, ഒരിക്കൽ പോലും വ്യവസായിയെ നേരിട്ട് ഭീഷണിപ്പെടുത്താതിരിക്കാനുള്ള കുറുക്കൻ ബുദ്ധിയും മാലം സുരേഷ് പ്രയോഗിച്ചു. വ്യവസായിയുടെ പക്കൽ സന്ദേശമെത്തുമെന്ന് ഉറപ്പാക്കാൻ, അദ്ദേഹവുമായി ബന്ധമുള്ള ഒരാൾക്ക് വാട്‌സാപ്പ് വോയ്‌സ് മെസേജ് അയയ്ക്കുകയായിരുന്നു. വ്യവസായിയുടെ വിവിധ സ്ഥലങ്ങളിലെ വസ്തുക്കൾ അനധികൃതമായി സമ്പാദിച്ചതാണ്, രാഷ്ട്രീയക്കാരുടെ ബെനാമിയാണ് എന്നൊക്കെ ആരോപിച്ച് പഞ്ചായത്തിലും, വില്ലേജിലും മറ്റുമായി നാൽപതോളം പരാതികൾ നൽകിയാണ് മാലം സുരേഷ് സമ്മർദ്ദ തന്ത്രം പയറ്റിയത്. ' അവന്റെ കെട്ടിടോം ഞാൻ പൊളിപ്പിക്കും, അവന്റെ മിച്ചഭൂമിക്കേസിൽ അവന്റെ സ്ഥലോം ഞാൻ കണ്ടുകെട്ടിക്കും, അവനെ ഞാൻ ക്ഷണ ണ്ണ വരപ്പിക്കും, ലോ ( നിയമം) പവർ ആൻഡ് മണി പവർ, ഇതുചലഞ്ചാണ് '-ഇത്തരത്തിലാണ് വ്യവസായിക്ക് നേരേയുള്ള മാലം സുരേഷിന്റെ ഭീഷണിയുടെ സാമ്പിൾ. വ്യവസായിയെ വരുതിയിലാക്കി പണം തട്ടുകയായിരുന്നു ഉദ്ദേശ്യം.
ഭീഷണിക്ക് പുറമേ സമ്മർദ്ദതന്ത്രമായി മാർച്ച് നാലിന് വ്യവസായിയുടെ മൂന്നാറിലെ റിസോർട്ടിൽ എത്തി താമസിച്ചും മാലം സുരേഷ് പുത്തൻ അടവെടുത്തു. വിദേശത്ത് നിന്ന് വന്ന വ്യവസായിയെ കാത്തിരുന്നെങ്കിലും എത്താതിരുന്നതോടെ, നേരിട്ട് കണ്ട് ഭീഷണിപ്പെടുത്താനുള്ള ശ്രമം പാഴായി. ഇതിന് പിന്നാലെ വ്യവസായി കോട്ടയം എസ്‌പിയെ നേരിൽ കണ്ട് തനിക്ക് വധഭീഷണിയുള്ളതായി പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് മാലം സുരേഷിന്റെ വസതിയിൽ റെയ്ഡ് നടന്നതും, അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടിച്ചതും.
മണർകാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരൻ കൂടിയാണ് മാലം സുരേഷ്. ഇയാളുടെ ആഡംബര വീട്ടിൽ എംഎ ബേബി സന്ദർശനം നടത്തിയിരുന്നു. സുരേഷിന് രാഷ്ട്രീയ നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളികളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാൾക്കൊപ്പം നിൽക്കുന്ന ബേബിയുടെ ചിത്രങ്ങളാണ് 2020 ൽ പുറത്തുവന്നത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയിൽ വൻ വിവാദത്തിനും ഇത് കാരണമായി.
മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മുടക്കി നടന്ന ചീട്ടുകളിയിൽ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. സുരേഷ് സെക്രട്ടറിയായുള്ള മണർകാട്ടെ ക്രൗൺ ക്ലബിൽ 2020 ൽ റെയ്ഡ് നടന്നിരുന്നു. സുരേഷിനെ ഈ കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി ചോദ്യം ചെയ്യുകയും, കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാലം സുരേഷ് വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ഇയാളുടെ ചതിയിൽപെട്ട് ജീവിതം നശിച്ചവരുടെ അറിയാക്കഥകൾ മറുനാടൻ പുറത്തുകൊണ്ടുവന്നിരുന്നു.
ചെറിയ തുകകൾ കടം നൽകി, ഈടായി വാങ്ങിയ വസ്തുവകകൾ സ്വന്തം പേരിലാക്കി വൻ സാമ്രാജ്യം തന്നെ തീർത്തിരിക്കുന്ന ഒരു ഷൈലോക്കാണ് ഇയാളെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. മാലം സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരനായി മാറി. നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. മാലം സുരേഷിനെതിരെ കാപ്പ അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് കോട്ടയം ഡിവൈഎസ്‌പി മുരളി അറിയിച്ചു.