മലപ്പുറം: കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തമാണ് മലപ്പുറത്തെ പാണ്ടിക്കാട്ട് നിന്നും ഉണ്ടായത്. ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു പൊള്ളേലേൽപ്പിച്ചു കൊലപ്പെടുത്തുകയാിരുന്നു. സംസ്ഥാനത്തെ നടുക്കിയ ആസിഡ് ആക്രമണമാണ് ഇത്. അതിക്രൂരമായ ഈ കൊലപാതകത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ചെമ്പ്രശ്ശേരി ഗ്രാമം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി അഹ്ഷന ഷെറിൻ (27) എന്ന യുവതിയാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷെറിൻ മരിച്ചത്. ഭർത്താവ് ഷാനവാസ് നവംബർ അഞ്ചിന് രാവിലെ ആണ് അഹ്ഷന ഷെറിനെ വീട്ടിൽ കയറി ആക്രമിച്ചത്. അതേസമയം ഷാനവാസ് മുമ്പും ഒരു കൊലപാതകം നടത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നു. രണ്ട് വർഷത്തിനിടെ ഷാനവാസ് പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസ് ആണ് ഇത്. 2020 ഫെബ്രുവരി 13 നായിരുന്നു ആദ്യ കൊലപാതകം. അന്ന് സ്വന്തം അമ്മാവനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

പെരിന്തൽമണ്ണയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു അന്ന് ഷാനവാസ്. ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയ അമ്മാവൻ മോയിൻ ആണ് അന്ന് കൊല്ലപ്പെട്ടത്. അവിടെ നിന്നും രക്ഷപ്പെട്ട ഷാനവാസിനെ വണ്ടൂരിൽ നിന്നും പിടികൂടി. മാനസിക പ്രശ്‌നമുള്ള ആൾ എന്ന പരിഗണന കൂടി കിട്ടിയതോടെ ഷാനവാസിന് ജാമ്യം ലഭിച്ചു. എന്നാൽ, കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം തുടർ ചികിത്സയിലും കുറച്ചു കാലം കഴിഞ്ഞു.

ജാമ്യം ലഭിച്ച ശേഷം ചികിത്സക്ക് ശേഷം ഷാനവാസിന്റെ കൂടെ ആയിരുന്നു അഹ്ഷന ഷെറിൻ പിന്നീട് കുറച്ച് കാലം. ഷാനവാസ് റബ്ബർ തോട്ടത്തിൽ ജോലി ചെയ്യാനും പോയി തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടു പ്രശ്‌നങ്ങൾ ഉണ്ടായത്. ഭാര്യയുമായി ഏതാനും മാസങ്ങൾക്ക് മുൻപ് വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായി. മർദ്ദനം അടക്കം അഹ്ഷക്ക് സഹിക്കേണ്ടി വന്നു. ഷെറിൻ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. ഏതാനും മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.

സംഭവം നടന്ന നവംബർ അഞ്ചിനു പുലർച്ചെ ചെമ്പ്രശേരിയിലെത്തി വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. തട്ടിമാറ്റാൻ ശ്രമിക്കുന്നതിടെയാണ് ഷാനവാസിന് പൊള്ളലേറ്റത്. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ അഹ്ഷന ഷെറിനെ അന്ന് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആക്രമണത്തിനിടെ പൊള്ളലേറ്റ ഷാനവാസ് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. ഇയാൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലുംകുന്ന് മൻഹജ് സുന്ന ജുമാമസ്ജിജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. ആലുംകുന്നിലെ മമ്പാടൻ മുഹമ്മദ് എന്ന ചെറിയോന്റെ മകളാണ് അഹ്ഷന ഷെറിൻ. ഉമ്മ: സഫിയ. മക്കൾ: നദ്വ, നഹൽ. സഹോദരങ്ങൾ: സഫ്വാന, സിൻസിയ. സംഭവം പ്രദേശത്തെ ശരിക്കും നടക്കിയിട്ടുണ്ട്.