മലപ്പുറം: ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകൾ പൊലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021 ൽ പെരിന്തൽമണ്ണ പൊലീസ് 52.2 ഗ്രാം എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ KL 09 AG 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്.

2021ൽ പെരിന്തൽമണ്ണ പൊലീസ് 52.2 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ പ്രതി പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയുടെ റെനോൾട്ട് നിസാൻ കാറും 2020ൽ മലപ്പുറം പൊലീസ് 318 കിലോഗ്രാം കഞ്ചാവ് പിടിച്ച പ്രതി ഇരുമ്പുഴി പറമ്പൻ കാരെകടവത്ത് വീട്ടിലെ അബ്ദുൽ ജബ്ബാറിന്റെ മാരുതി സെലേറിയോ കാറും 2021ൽ കാളികാവ് പൊലീസ് 20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ ചോക്കാട് നെച്ചിയിൽ വീട്ടിൽ ജിതിന്റെ മാരുതി സ്വിഫ്റ്റ് കാറും ഹ്യൂണ്ടായി ഇയോൺ കാറുമാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറം എസ്.എച്ച്.ഒ ജോബി തോമസ്, കാളികാവ് എസ്.എച്ച്.ഒ ശശിധരൻ പിള്ള, പെരിന്തൽമണ്ണ എസ്.എച്ച്.ഒ സി.അലവി എന്നിവരുടെ കണ്ടുകെട്ടൽ നടപടികൾ ചെന്നൈയിലെ എൻ.ഡി.പി.എസ് ആക്ട് കോമ്പറ്റന്റ് അഥോറിറ്റി ശരിവയ്ക്കുകയായിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളുടെയും വിവരങ്ങൾ മലപ്പുറം നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ രണ്ടിടത്തായി പൊലീസ് വൻ ലഹരിമരുന്ന് ശേഖരം ആണ് പിടികൂടിയിരുന്നു. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖിനെയാണ് 3 ഗ്രാം എം ഡി എം എ യുമായി പൊലീസ് പിടികൂടിയത്. മലപ്പുറം എസ്‌ഐ നിധിൻ എ യുടെ നേതൃത്വത്തിൽ മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പൊലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവരാണ് ഇയാളെ പിടികൂടിയത്.

റസാഖ് വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്.

ഒരു കിലോയിൽ അധികം ഹാഷിഷ് ഓയിലുമായി 3 വെന്നിയൂർ സ്വദേശികൾ താനൂരിൽ ആണ് പിടിയിലായത്. മലപ്പുറം മൂന്നിയൂർ സ്വദേശികളായ ഷംസിയാദ്, മുർഷിദ് .വി , അബ്ദുള്ള മുനീർ, എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി കച്ചവടം നടത്തുന്ന ആളെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.