മലപ്പുറം: പത്തുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നിശ്ചയിച്ച ശേഷം ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനായ യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹം നിശ്ചയിച്ച ശേഷം 22ാം വയസ്സിൽ അവസാനിപ്പിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരനായ യുവാവാണ് അറസ്റ്റിലായത്. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനംനൊന്ത് തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറു മാസം മുൻപ് തൂങ്ങിമരിച്ചത്. മന്യയുടെ കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിയ അരീക്കോട് പൊലീസ് പറയുന്നത് ഇങ്ങിനെ: എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറിൽ ഇരു കുടുംബങ്ങളും ചേർന്നു നടത്തി. തുടർന്ന് ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ വഴക്കിട്ടശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ വഴക്കിട്ട ശേഷം വിവാഹബന്ധത്തിൽനിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്ത് മന്യ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

വിദേശത്തായിരുന്ന അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിനു ലഭിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്‌പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.