പത്തനംതിട്ട: മലയാലപ്പുഴയിൽ സിപിഎം നേതാക്കളും പ്രവർത്തകരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. ചൈൽഡ് വെൽഫയർ കമ്മറ്റി അംഗമായ അഭിഭാഷകയും ഉൾപ്പെടുന്ന സംഘം ആറു വയസുകാരനെ മാരകായുധം കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചതിന് എടുത്ത കേസിൽ നിന്ന് ജുവനൈൽ ജസ്റ്റിസ് വകുപ്പ് ഒഴിവാക്കിയതാണ് പൊലീസിന്റെ വീഴ്ചയ്ക്ക് കാരണമായിരിക്കുന്നത്.

മാർച്ച് ഒന്നിന് രാത്രി 10.30 നാണ് മലയാലപ്പുഴ താഴം മോളൂത്തറയിൽ എം. രാജേഷിന്റെ ഭാര്യ ജീനയ്ക്കും ആറു വയസുള്ള മകനും നേരെ നാലംഗ സംഘത്തിന്റെ അക്രമം ഉണ്ടായത്. ജീനയുടെ പരാതിയിൽ സിപിഎം തുമ്പമൺ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ അർജുൻദാസ്, സഹോദരൻ അഡ്വ. അരുൺ ദാസ്, ഭാര്യ സലീഷ, അർജുൻദാസിന്റെ ഭാര്യ അഡ്വ. എസ്. കാർത്തിക എന്നിവരെ പ്രതികളാക്കി മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറു വയസുള്ള മകനും തനിക്കും നേരെ നാലംഗസംഘം മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് ജീനയുടെ മൊഴി.

അർജുൻദാസിന്റെ നേതൃത്വത്തിൽ വീട് നിർമ്മിക്കാനെന്ന വ്യാജേനെ ഏറെ നാളായി, അനധികൃതമായി മണ്ണും പാറയും കടത്തുകയായിരുന്നു എന്നാണ് ആരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന ലേബലിൽ, സർക്കാരിന്റെ യാതൊരുവിധ അനുവാദവും വാങ്ങാതെയാണ് പാറയും മണ്ണും ഖനനം ചെയ്ത് കടത്തിയിരുന്നത്. ഇത് പൊലീസ് പിടികൂടിയത് ജീനയുടെ ഭർത്താവ് രാജേഷ് ഒറ്റിക്കൊടുത്തതാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നു. ഇതിനെതിരേ മലയാലപ്പുഴ പൊലീസിൽ രാജേഷ് പരാതി നൽകിയിരുന്നു. ഈ രണ്ടു വിരോധവും കാരണമാണ് മാർച്ച് ഒന്നിന് രാത്രി തങ്ങളുടെ വീടിന് മുന്നിൽ വച്ച് നാലംഗ സംഘം ആക്രമിക്കാൻ മുതിർന്നതെന്നാണ് ജീനയുടെ മൊഴി.

അർജുൻ ദാസും അരുൺ ദാസും ചേർന്ന് പരാതിക്കാരിയെയും മകനെയും തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. എതിർത്ത ജീനയോട് നിന്നെ ഒരെണ്ണത്തിനെ തീർത്താൽ അവൻ മര്യാദ പഠിക്കുമെന്ന് പറഞ്ഞാണ് മാരകായുധം എടുത്ത് വീശിയത്. ജീനയുടെ മകനായ ആറു വയസുകാരന്റെ കഴുത്തിന് നേരെയായിരുന്നു മാരകായുധം വീശിയത്. മകനെയും പിടിച്ച് വീട്ടിലേക്ക് ഓടിയ ജീനയ്ക്ക് നേരെ ഇവർ മാരകായുധം എറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ അർജുനും അരുണും മചർത്ത് വസ്ത്രങ്ങൾ അഴിച്ചു മാറ്റി നഗ്നത പ്രകടിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സലീഷയും അഡ്വ. കാർത്തികയും അസഭ്യം വിളിക്കുകയും പരാതിക്കാരി താമസിക്കുന്ന വീടിന് നേർക്ക് കല്ലെറിയുകയും ചെയ്തു.

ഈ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഒഴിവാക്കിയിരിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെജെ ആക്ട് ചേർക്കാതിരുന്നത് എന്നാണ് ആക്ഷേപം. കേസിൽ ജെജെ ആക്ട് കൂടി വന്നാൽ അഡ്വ. എസ്. കാർത്തികയുടെ ചൈൽഡ് വെൽഫയർ കമ്മറ്റി അംഗത്വം നഷ്ടമാകും. അങ്ങനെയുണ്ടാകാതിരിക്കാൻ വേണ്ടി ബോധപൂർവം പൊലീസ് ജെജെ ആക്ട് ഒഴിവാക്കി എന്നാണ് ആരോപണം. നാലംഗ സംഘത്തിനെതിരേ മൂന്നു കേസുകളാണ് മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തങ്ങളെ വീടുകയറി ആക്രമിച്ചുവെന്ന ഇവരുടെ പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും പേരെ പ്രതികളാക്കിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തങ്ങൾ മണ്ണെടുക്കുന്ന സ്ഥലത്ത് വന്ന സിപിഎം ലോക്കൽ കമ്മറ്റിയംഗം മിഥുന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും അതുകൊടുക്കാതെ വന്നപ്പോൾ വീടു കയറി ആക്രമിച്ചുവെന്നുമാണ് ഇവരുടെ പരാതി. സ്ത്രീകൾ അടങ്ങുന്ന ഇരുന്നൂറോളം പേരാണ് ഇവരെ വീടു കയറി മർദിച്ചത്. മർദനമേറ്റ് അവശനിലയിലായ നാലംഗ സംഘം ചികിൽസ തേടുകയും വീടു വിട്ട് താമസിക്കുകയുമാണ്.

പ്രശ്നം പരിഹരിക്കാൻ സിപിഎം ജില്ലാ നേതൃത്വം ചർച്ച നടത്തി വരികയാണ്. ഇതു വരെ പരിഹാരം കണ്ടില്ല. അതിനിടെ പത്തനംതിട്ട ബാർ അസോസിയേഷൻ അഡ്വ. എസ്. കാർത്തിക, അഡ്വ. ബി. അരുൺദാസ് എന്നിവർക്ക് എതിരായ അക്രമത്തിൽ പ്രതിഷേധം അറിയിച്ചു.