- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016ൽ ശോഭന വാസന്തിയമ്മയായി; വാസന്തിയും കുട്ടിയും പിന്നെ മന്ത്രവാദവും; മലയാലപ്പുഴ പൊതീപ്പാട്ടെ വാസന്തിയമ്മ മഠം നാട്ടുകാർ അടിച്ചു തകർത്തു; കുട്ടിയെ മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിഷേധം ശക്തമായി; വാസന്തിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; പൂട്ടുവീഴുന്നത് ആഭിചാര കേന്ദ്രത്തിന്
പത്തനംതിട്ട: നാടു നടുക്കിയ ഇലന്തൂർ നരബലിക്ക് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കൊച്ചുകുട്ടിയെ മന്ത്രവാദം നടത്തുന്ന വീഡിയോ പ്രചരിച്ചതിനേ തുടർന്ന് മലയാലപ്പുഴ പൊതീപ്പാട്ടെ വാസന്തിയമ്മ മഠം നാട്ടുകാർ അടിച്ചു തകർത്തു. നാട്ടുകാർ മർദിക്കുമെന്ന് കണ്ടതോടെ നടത്തിപ്പുകാരി വാസന്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുട്ടിക്ക് മേൽ മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനെതിരേ പരാതി ചെന്നിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ഇന്നലെ മുതൽ പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി സ്ഥലത്ത് പ്രതിഷേധവുമായി വന്നു. തുടർന്ന് വാസന്തി മഠം അടിച്ചു തകർക്കുകയായിരുന്നു. മഠത്തിലുണ്ടായിരുന്ന വിളക്കും പൂജാസാധനങ്ങളും നശിപ്പിച്ചു.
തൊട്ടരികിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഓട് തകർത്തു. ആറു വർഷമായി ഇവർ ഇവിടെ മന്ത്രവാദ പ്രവർത്തനങ്ങളും പുജയും നടത്തി വരികയാണ്. ഇടക്കാലത്ത് ഡിവൈഎഫ്ഐ സമരത്തെ തുടർന്ന മഠം പൂട്ടിയിരുന്നു. വീണ്ടും പ്രവർത്തനം നടന്നു വരികയായിരുന്നു. പല തവണ ഇവിടുത്തെ ദുരൂഹത സംബന്ധിച്ച് നാട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടിയെ മന്ത്രവാദം ചെയ്യുന്ന വീഡിയോ ഭീതി ജനിപ്പിക്കുന്നതാണ്. കുട്ടി നിലവിളിച്ചു കൊണ്ട് വീഴുന്നതും ചുറ്റിനും നിൽക്കുന്നവർ നിലവിളി പോലെ പ്രാർത്ഥിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആഭിചാര ക്രിയകളാണ് നടക്കുന്നതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയതിന്റെ ഞെട്ടൽ മാറും മുമ്പേ ജില്ലയിൽ വീണ്ടും ദുർമന്ത്രവാദം എന്ന വാർത്ത സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. ഇതോടെ മലയാലപ്പുഴയിൽ ദുർമന്ത്രവാദം നടക്കുന്ന വാസന്തീമഠത്തിന് മുന്നിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായെത്തി.
കുട്ടികളെ ഉപയോഗിച്ച് പൂജയും ദുർമന്ത്രവാദവും നടക്കുന്നെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടർന്ന് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരും നാട്ടുകാരും വാസന്തീമഠത്തിന് മുന്നിൽ പ്രതിഷേധവുമായെത്തി. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ മഠത്തിനെതിരെ നാട്ടുകാർ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് മഠത്തിലുള്ളവർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി മയങ്ങിവീഴുന്ന വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായെത്തിയത്.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡ് ലക്ഷംവീട് കോളനിയിലാണ് വാസന്തീമഠം എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദങ്ങൾ നടത്തുന്നതെന്ന് പ്രതിഷേധവുമായെത്തിയവർ പറയുന്നു. 2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. 2017ൽ തന്നെ ഇവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ ഒപ്പിട്ട പരാതി മലയാലപ്പുഴ പൊലീസിൽ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഇവർ പറയുന്നു.
ഇലന്തൂർ നരബലിയെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയതോടെ വാസന്തിയമ്മ മഠത്തിൽ നിന്ന് കടന്നുകളഞ്ഞതായും നാട്ടുകാർ പറയുന്നു. മഠത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഡിവൈ.എസ്‌പിയെ ചുമതലപ്പെടുത്തി. പിന്നീടാണ് മന്ത്രവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്