പത്തനംതിട്ട: ഒടുവിൽ ആളെ കണ്ടു കിട്ടി. ആ ആൾ പരാതിക്കാരനുമായി. മലയാലപ്പുഴയിലെ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിലുമായി. പക്ഷേ, ആഭിചാര കർമിണിയും പത്തു വയസ് പ്രായത്തിൽ ഇളപ്പമുള്ള പങ്കാളിയും അകത്തു പോകുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. പൊലീസ് ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് ആക്ഷേപം.

2020 ഏപ്രിലിൽ മാന്നാർ കൊരട്ടിശേരി ചായം പറമ്പിൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഹുസൈൻ ഹനീഫ(19)യെയാണ് ആഭിചാര കർമത്തിന് വിധേയനാക്കിയത്. അന്ന് ചിത്രീകരിച്ച വീഡിയോ ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ വൈറൽ ആയി. മന്ത്രവാദിനിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും വീഡിയോയിലെ ഇരയെ കണ്ടെത്താൻ കഴിഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. തുനിഞ്ഞിറങ്ങിയ പൊലീസ് വൈകുന്നേരത്തോടെ ആളെ തിരിച്ചറിഞ്ഞു. ഹുസൈൻ ഹനീഫയെ വിളിച്ചു വരുത്തി മൊഴിയെടുത്ത് അറസ്റ്റും രേഖപ്പെടുത്തി.

കുട്ടിയുടെ വിഷാദ രോഗവും പഠന വൈകല്യവും സർപ്പദോഷം കൊണ്ടാണെന്ന് മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ച് മന്ത്രവും പൂജയും ചെയ്ത് 20,000 രൂപയാണ് വാസന്തി കൈപ്പറ്റിയതെന്ന് മുഹമ്മദ് ഹനീഫ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വാസന്തിയുടെയും ഉണ്ണികൃഷ്ണന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പൊതീപ്പാട് വാസന്തിയമ്മ മഠം വാസന്തി (ശോഭന-45), പങ്കാളി ഉണ്ണിക്കൃഷ്ണൻ (35) എന്നിവർ കഴിഞ്ഞ നാലു വർഷമായി ഒന്നിച്ചു താമസിക്കുകയാണ്. നിയമപരമായി വിവാഹിതരല്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. വാസന്തിക്കെതിരേ നിരവധി പരാതികൾ നിലനിന്നിരുന്നുവെങ്കിലും പൊലീസ് നടപടിയെടുക്കാൻ തയാറായിരുന്നില്ല. ബിജെപി, സിപിഎം പ്രവർത്തകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് ഇവരെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസ് തുനിഞ്ഞത്.

ഇവർക്കൊപ്പം സഹായിയായി നിന്ന യുവാവിനെ ഒരു വർഷമായി കാണാനില്ലെന്ന പരാതിയിൽ എസ്‌പി, ഡിവൈഎസ്‌പി, മലയാലപ്പുഴ എസ്എച്ച്ഓ എന്നിവർ ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ ഇവിടെ പരിശോധന നടത്തി.