- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്
മുംബൈ: മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. റീഡിഫ് ഡോട്ട്കോമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച 11.06 നാണ് വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന മിയാലിന്( മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ഇ-മെയിൽ വഴി ഭീഷണിക്കത്ത് കിട്ടിയത്. വിവരം അറിയിച്ചതോടെ മഹാരാഷ്ട്ര എടിഎസ് അന്വേഷണം തുടങ്ങി. ' ഇത് അവസാന മുന്നറിയിപ്പാണ്. 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്കോയിനായി ഈ വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ, 48 മണിക്കൂറിനകം രണ്ടാം ടെർമിനൽ ബോംബ് വച്ച് തകർക്കും. 24 മണിക്കൂറിന് ശേഷം മറ്റൊരു അറിയിപ്പ് വരും'-ഇമെയിലിലെ ഭീഷണി ഇങ്ങനെയായിരുന്നു.
ഇമെയിലെ ഐപി വിലാസം ട്രാക്ക് ചെയ്ത് ലൊക്കേഷൻ മനസ്സിലാക്കാൻ സമാന്തര അന്വേഷണം നടത്തിയ എടിഎസ് സൈബർ സെൽ, കത്ത് അയച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് മനസ്സിലാക്കി. ഇതോടെ, എടിഎസ് കേരളത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ബോംബെയിലേക്ക് കൊണ്ടുവന്ന് സഹർ പൊലീസിന് കൈമാറി. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 385-ാം വകുപ്പും (കൊള്ളയടിക്കാൻ ശ്രമിക്കൽ), 505 ാ ംവകുപ്പും( പൊതുസമാധാനത്തിന് എതിരെയോ, പൊതുജനത്തിന് ഭീതിയുണ്ടാക്കുന്ന പ്രസ്താവന നടത്തൽ) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസവും ഭീഷണി
കഴിഞ്ഞ മാസം പൂണെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെട്ടതിനെ തുടർന്നാണ് 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.
''എന്റെ ബാഗിൽ ബോംബുണ്ട്'' എന്ന് യാത്രക്കാരൻ പറഞ്ഞതിന് പിന്നാലെയാണ് ആകാശ എയർ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. പിന്നീട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ (ബിഡിഡിഎസ്) സംഘമെത്തി വിമാനത്തിൽ വെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ