മുംബൈ: മുംബൈയിൽ മയക്കുമരുന്നു കടത്തിൽ കാലടി സ്വദേശിയായ മലയാളി അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ മറ്റൊരു മലായാളി കൂടി മയക്കുമരുന്നുമായി പിടിയിലായി. വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായാണ് മലയാളി പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് യാത്രക്കാരനെ പിടികൂടിയത്. ബിനു ജോണാണ് അറസ്റ്റിലായതെന്ന് ഡി.ആർ.ഐ അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്. ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആർ.ഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശപൗരനിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോൺ ഡി.ആർ.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. 1000 ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡി.ആർ.ഐ അറിയിച്ചു.

അതേസമയം മയക്കുമരുന്നു കടുത്തു കേസിൽ തന്റെ മകനെ ചതിച്ചതാണെന്ന് മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ അമ്മ പ്രതികരിച്ചു. ഡി.ആർ.ഐ കസ്റ്റഡിയിലിരിക്കെ ഇന്നലെ രാത്രി മകൻ വിജിൻ വിളിച്ചെന്നും അവർ വ്യക്തമാക്കി. നിരപരാധിയാണെന്നും ചതിച്ചതാണെന്നും പറഞ്ഞ വിജിൻ ആരാണ് ചതിച്ചതെന്ന് പറഞ്ഞില്ല.അന്വേഷണത്തിലൂടെ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകന്റെ നിരപരാധിത്വം തെളിയുമെന്ന വിശ്വാസത്തിലാണ് കഴിയുന്നതെന്നും അമ്മ ജോയ്‌സി പറഞ്ഞു.ഉപജീവനത്തിനും ചികിത്സാ ചെലവിനും വരെ ബുദ്ധിമുട്ടുന്നതാണ് തന്റെ കുടുംബമെന്നും വിജിൻ വർഗീസിന്റെ അമ്മ ജോയ്‌സി പറഞ്ഞു

ഇതിനിടെ കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കൂടുതൽ പേരെ പ്രതി ചേർക്കുമെന്നാണ് ഡിആർയിൽ നിന്ന് ലഭിക്കുന്ന വിവരം.ലഹരി മരുന്നുമായി കണ്ടെയ്‌നർ പിടിയിലാവും മുൻപ് സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവടക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ.

താൻ സ്ഥലത്തില്ലാത്തപ്പോൾ അമർ പട്ടേൽ കള്ളക്കടത്ത് നടത്തിയെന്നാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.മൻസൂറിനെ ഉടൻ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ നിയമപടികൾ സ്വീകരിക്കും. വെള്ളിയാഴ്ചയാണ് വിദേശ വിപണിയിൽ 1476 കോടി വിലവരുന്ന ലഹരി മരുന്ന് ഡിആർഐ പിടികൂടിയത്