കൊല്ലം: ട്രെയിൻ യാത്രക്കിടെ എത്രയുണ്ട് സുരക്ഷ എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുകയാണ്. യാത്രക്കിടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് വീണ്ടും ആവർത്തിക്കുന്നത്. തമിഴ്‌നാട്ടിൽ ട്രെയിനിൽ വിദ്യാർത്ഥിനിയായ മലയാളി യുവതിക്കെതിരെയാണ് ഏറ്റവും ഒടുവിൽ അതിക്രമം ഉണ്ടായിരിക്കുന്നത്. ചെന്നൈ എഗ്മോർ-കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ട്രെയിൻ വിരുധാചലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ വയോധികൻ ആക്രമിച്ചത്.

മൊബൈൽ ഫോൺ ചാർജ്ജുചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. ചാർജ് ചെയ്യാനിട്ട തന്റെ ഫോൺ വയോധികൻ രണ്ട് തവണ നിലത്തേക്കിട്ടുവെന്നും തന്റെ കയ്യിൽ ഇയാൾ അടിച്ചുവെന്നും യുവതി പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസോ ടി.ടി.ആറോ ഉൾപ്പെടെ ആരും തങ്ങളുടെ കോച്ചിലേക്ക് വന്നില്ലെന്നും യുവതി ആരോപിച്ചു. യുവതി പരാതി ഉന്നയിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ വയോധികൻ ഇറങ്ങിയോടുകയും ചെയ്തു.

സംഭഴത്തെ കുറിച്ച് യുവതി പറയുന്നത് ഇഭങ്ങനെയാണ്: 'എന്റെ ഫോൺ ചാർജില്ലാതെ ഓഫായിരുന്നു. അത് ചാർജ് ചെയ്യാൻ നോക്കിയപ്പോൾ പ്ലഗിൽ അയാളുടെ ഫോൺ ചാർജ് ചെയ്യാനിട്ടതായി കണ്ടു. എന്റെ ഫോൺ ചാർജ് ചെയ്തോട്ടേയെന്ന് ചോദിച്ചപ്പോൾ അനുവദിച്ചില്ല. പിന്നീട് ട്രെയിൻ വിരുധാചലത്ത് എത്തിയപ്പോൾ അടുത്തിരുന്ന മറ്റൊരു യാത്രക്കാരൻ പറഞ്ഞതുപ്രകാരം അയാളുടെ ഫോൺ ഊരി അയാൾ കിടന്ന ബർത്തിൽ വയ്ക്കുകയും എന്റെ ഫോൺ കുത്തിയിടുകയും ചെയ്തു. ഉടനെ അയാൾ ചാടിയെഴുന്നേറ്റ് എന്റെ ഫോണെടുത്ത് നിലത്തേക്കിട്ടു.'

'രണ്ട് തവണ അയാൾ എന്റെ ഫോൺ നിലത്തേക്കിട്ടു. ആ സമയം എന്റെ സുഹൃത്ത് കോച്ചിൽ പൊലീസുകാർ ഉണ്ടോ എന്ന് നോക്കിയെങ്കിലും ആരുമുണ്ടായിരുന്നില്ല. വീണ്ടും ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചപ്പോൾ അയാൾ എന്റെ കയ്യിൽ അടിക്കുകയും ചെയ്തു.' സംഭവത്തിന് ശേഷം തിരുച്ചിറപ്പള്ളി എത്തിയപ്പോൾ അയാൾ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി. അതിന് ശേഷം എന്നെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിളിച്ചു. പരമാവധി രാത്രി ചെയ്യരുതെന്നും പകൽ മാത്രം യാത്ര ചെയ്യണമെന്നുമുള്ള ഉപദേശമാണ് അവർ എനിക്ക് തന്നത്. അതിന് ശേഷവും പൊലീസോ ടി.ടി.ആറോ ആരും കമ്പാർട്ടുമെന്റിലേക്ക് വന്നില്ല.' -യുവതി പറഞ്ഞു.

അതിക്രമത്തിന്റെ ദൃശ്യം യുവതിയുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തിയത് പുറത്തുവന്നിട്ടുണ്ട്. യുവതിയെ വയോധികൻ അടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം. തമിഴ്‌നാട് പൊലീസിനും ദക്ഷിണ റെയിൽവേയ്ക്കും ഉൾപ്പെടെ യുവതി ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്.