മംഗളൂരു: ആൺസുഹൃത്തിനെക്കാണാൻ ബെംഗളൂരുവിൽ എത്തിയ എയർഹോസ്റ്റസിനെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമാൻ (28) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ കാസർകോട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്താണ് കാസർകോട് സ്വദേശിയായ ആദേശി (26). അതേസമയം യുവാവിനെതിരെ എയർഹോസ്റ്റസിന്റെ കുടുംബം രംഗത്തുവന്നു. ഇരുവർക്കുമിടയിലെ ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് തർക്കങ്ങളുണ്ടായെന്നും ഒടുവിലാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് അർച്ചയുടെ മാതാവ് ആരോപിച്ചത്. ഇതോടെയാണ് കേസ് വഴിത്തിരിവിലായത്.

കാസർകോട് ജില്ലയിൽ നിന്നുള്ള ആദേശ് ഡേറ്റിങ് ആപിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവർ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം അർച്ചനയെ ആദേശ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. കൊല്ലുക എന്ന ഉദ്ദേശത്തോടെ ആദേശ് നാലാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, അർച്ചന സിറ്റ് ഔടിൽ നടക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

അർച്ചനയുടെ മാതാവ് ഞായറാഴ്ചയാണ് ബംഗളൂറിൽ എത്തി പൊലീസിൽ പരാതി നൽകിയത്. ആദേശുമായുള്ള ബന്ധത്തെക്കുറിച്ചും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും അർച്ചനയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ നടപടികൾക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപാർട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംഗളൂരിനും ദുബൈക്കുമിടയിൽ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അർച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാൻ ബംഗളൂറിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

അർച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദർശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തവണയും ആദേശിനെ കാണാനായാണ് ഇവർ ദുബൈയിൽ നിന്നെത്തിയതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച ബംഗളൂരുവിൽ എത്തിയ അർച്ചന ആദേശിനൊപ്പമാണ് താമസിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ചോദ്യം ചെയ്യലിൽ അർച്ചന വീഴുന്ന സമയം താൻ ഫ്ളാറ്റിൽ ഉണ്ടായിരുന്നതായി യുവാവ് സമ്മതിക്കുന്നുണ്ട്. അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കെട്ടിടത്തിൽ നിന്ന് താഴെ വീണ വിവരം അറിയിച്ചതും. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.