മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറി നടനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ ഇനിയും വലയിലാക്കാന്‍ കഴിയാതെ കുഴങ്ങി പൊലീസ്. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ബാന്ദ്ര പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യവുമായി സാമ്യമുള്ളതിനാലാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ബഹുനില അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയയാള്‍ സെയ്ഫിനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചത്. നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിയാത്തത് നാണക്കേടായി.


അക്രമിയെ ആദ്യം കണ്ടത് മലയാളിയായ ഏലിയാമ്മ ഫിലിപ്പ്

ആക്രമണത്തില്‍ സെയ്ഫിന് പുറമേ അദ്ദേഹത്തിന്റെ നാലുവയസുകാരന്‍ മകന്‍ ജഹാംഗീര്‍( ജേയ്), മലയാളി ആയ ഏലിയാമ്മ ഫിലിപ്പ്, മറ്റൊരു വീട്ടുസഹായി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

ഏലിയാമ്മ ഫിലിപ്പാണ് ആദ്യം അക്രമിയെ കണ്ടത്. ഇയാള്‍ 35 നും 40 ഇടയില്‍ വയസ് തോന്നിക്കുന്ന വ്യക്തിയായിരുന്നു. സെയ്ഫിന്റെ 11 ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ കടന്നുകയറിയത്. ഏലിയാമ്മ നാലുവര്‍ഷമായി ഖാന്‍ കുടുംബത്തിനൊപ്പം ജോലി ചെയ്യുന്നു. സെയ്ഫ്-കരീന ദമ്പതികളുടെ ഇളയ കുട്ടി ജഹാംഗീറിനെ ഉറക്കാന്‍ കിടത്തിയ ശേഷം മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍ ചില ശബ്ദങ്ങള്‍ കേട്ടാണ് താനുണര്‍ന്നതെന്ന് ഏലിയാമ്മ പൊലീസിനോട് പറഞ്ഞു.

അക്രമി ആദ്യം ജേയുടെ മുറിയിലാണ് പ്രവേശിച്ചതെന്ന് ഏലിയാമ്മ പറഞ്ഞു. ശുചിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതും ലൈറ്റ് ഓണാക്കിയതും ശ്രദ്ധിച്ചു. ജേയെ നോക്കാന്‍ അമ്മ കരീന കപൂര്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. ' ഞാന്‍ വീണ്ടും ഉറങ്ങാന്‍ പോയെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. എണീറ്റ് വന്ന് നോക്കിയപ്പോള്‍ ഒരാള്‍ ശുചിമുറിയില്‍ നിന്ന് പുറത്ത് വരുന്നതും ജേയുടെ മുറിയിലേക്ക് പോകുന്നതും കണ്ടു'- അവര്‍ പറഞ്ഞു.

' ഞാന്‍ വേഗം എണീറ്റ് ജേയുടെ മുറിയിലെത്തി. അക്രമി അപ്പോള്‍ വിരലുകള്‍ കൊണ്ട് ആംഗ്യം കാട്ടി ശബ്ദം ഉണ്ടാക്കരുതെന്നും ആരും പുറത്തുപോകില്ലെന്നും ഹിന്ദിയില്‍ ഉച്ചത്തില്‍ പറഞ്ഞു. ജേയെ എടുക്കാന്‍ വേണ്ടി ഞാന്‍ മുന്നോട്ട് കുതിച്ചപ്പോള്‍, കയ്യില്‍ മരവടിയും, നീളമുള്ള ഹാക്‌സാ ബ്ലേഡും ഉണ്ടായിരുന്ന അയാള്‍ എന്റെ നേരേ പാഞ്ഞെത്തി ആക്രമിക്കാന്‍ നോക്കിയപ്പോള്‍, ഞാന്‍ കൈ കൊണ്ട് ചെറുക്കാന്‍ ശ്രമിച്ചു. അപ്പോള്‍ എന്റെ രണ്ടു കൈത്തണ്ടകള്‍ക്ക് അടുത്തും, ഇടതുകൈയുടെ നടുവിരലിലും ഹാക്‌സോ ബ്ലേഡ് കൊണ്ട് മുറിവേറ്റു'

' ആ സമയത്ത്, നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. എനിക്ക് പണമാണ് വേണ്ടതെന്നായിരുന്നു മറുപടി. എത്ര വേണം? അപ്പോള്‍ അയാള്‍ ഇംഗ്ലീഷില്‍ 1 കോടി എന്ന് പറഞ്ഞു'- 56 കാരിയായ ഏലിയാമ്മ ഫിലിപ്പ് താന്‍ പൊലീസിന് കൊടുത്ത മൊഴി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

ഏലിയാമ്മയുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാനും കരീനയും പെട്ടെന്ന് മുറിയിലേക്ക് ഓടിയെത്തിയത്. അക്രമിയോട് സെയ്ഫ് എന്താണ് തനിക്ക് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ നടനെ ബ്ലേഡും മരവടിയുമായി ആക്രമിക്കുകയായിരുന്നു. 'എങ്ങനെയൊക്കെയോ സെയ്ഫ് സാര്‍ അയാളുടെ പക്കല്‍ നിന്ന് കുതറി മാറി. മുറിയില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും ഓടി മാറി, ഡോര്‍ അടച്ചു. പിന്നീട് എല്ലവരും മുറിയുടെ മുകളിലേക്ക് പോയി. അക്രമി പിന്നീട് എങ്ങനെയോ രക്ഷപ്പെട്ടു.'-ഏലിയാമ്മ പറഞ്ഞു.


അതേസമയം, ഭവനഭേദനത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നാണ് പൊലിസ് പറയുന്നത്. ആക്രമണത്തിന്റെ രണ്ടുമണിക്കൂര്‍ മുമ്പ് ആരും കെട്ടിടത്തില്‍ പ്രവേശിക്കുന്നതായി സിസി ടിവിയിലും കാണുന്നില്ല. എന്നാല്‍, രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസി ടിവിയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഫയര്‍ എസ്‌കേപ്പ് വഴി അക്രമി രക്ഷപ്പെട്ടാണ് പൊലീസ് കരുതുന്നത്.