- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണ്ണായകമായത് 'സ്റ്റേറ്റ് കാർ'; പ്രതിയെ മനസ്സിലാക്കിയിട്ടും പൊലീസ് പുറത്തു പറയാത്തത് മന്ത്രിയുടെ പിഎസിന്റെ അതിവിശ്വസ്തനായതു കൊണ്ട്; അഡീഷണൽ സെക്രട്ടറിയായ സിപിഎം ഉന്നതന്റെ ഡ്രൈവറുടെ പേര് പുറത്തു വിട്ടത് ഷർട്ടും ഷൂസും അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷം; മ്യൂസിയത്തെ പീഡകനും വിലസിയത് സെക്രട്ടറിയേറ്റിൽ; ഡോക്ടറെ കടന്നാക്രമിച്ചതും മലയിൻകീഴുകാരൻ സന്തോഷ്
തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രതി തന്നെയാണ് മ്യൂസിയത്തും അതിക്രമം കാട്ടിയത്. ഈ കേസിലും മലയിൻകീഴ് സ്വദേശി സന്തോഷി (40) നെ പൊലീസ് അറസ്റ്റു ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറാണ് സന്തോഷ് . മ്യൂസിയത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിക്കുന്നതിനാൽ തിരിച്ചറിയിൽ പരേഡ് നടത്തി. ഇതിലാണ് പ്രതിയെ ഉറപ്പിച്ചത്.
സന്തോഷ് ജലഅഥോറിറ്റിയുടെ കരാർ ജീവനക്കാരനാണ്. ഇയാളെ കുടുക്കിയത് ജലഅഥോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ്. ഈ ഇന്നോവ കാറാണ് സിസിടിവിയിൽ തെളിവായി മാറിയത്. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലെ സിസിടിവിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് നിർണ്ണായകമായത്. തിരിച്ചറിയൽ പരേഡ് നടത്തിയതോടെ പ്രതിയെ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു. ഡോക്ടറെ ആക്രമിച്ചയാളും കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇതാണ് പ്രതിയെ കുടുക്കിയത്.
ഈ കാർ നേരത്തെ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സർക്കാർ കാർ ആണെന്ന് മനസ്സിലായതോടെ അന്വേഷണം മന്ദഗതിയിലായി. പരാതിക്കാരിയായ ഡോക്ടർ മാധ്യമങ്ങളിൽ എത്തിയതോടെ നിവർത്തിയില്ലാതെ കാറിലേക്ക് അന്വേഷണം കൊണ്ടു പോകുകയായിരുന്നു. പ്രതിയെ പിടിച്ചില്ലെങ്കിൽ ഡോക്ടർ കോടതിയിൽ പോകുമെന്ന സൂചനകളും പൊലീസിനെ പ്രതിയെ പിടിക്കാൻ പ്രേരിപ്പിച്ചു. ജലവിഭവ മന്ത്രിയെ ്ടക്കം അറിയിച്ചാണ് കേസിൽ നടപടി എടുത്തത്. അക്രമ ദിവസം ഇട്ടിരുന്ന ഷൂവും വസ്ത്രങ്ങളും എല്ലാം പൊലീസ് കണ്ടെത്തി. രണ്ടു ദിവസം മുമ്പ് തന്നെ പൊലീസ് പ്രതിയെ ഉറപ്പിച്ചിരുന്നു എന്നതാണ് വസ്തുത.
മന്ത്രി ഓഫീസിൽ പി എസിന് മാത്രമാണ് കാറുപയോഗിക്കാനുള്ള അധികാരമുള്ളത്. ഈ പി എസ് എന്ന് പറയുന്നത് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ്. സിപിഎം സംഘടനാ നേതാവും. സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ഇയാൾ എറണാകുളത്തെ സിപിഎം നേതാക്കളുടെ പിൻബലത്തിലാണ് കേരളാ കോൺഗ്രസ് മന്ത്രിയായ റോഷി അഗസ്റ്റിന്റെ പി എസാകുന്നത്. പിഎസിന്റെ വിശ്വസ്തനായിരുന്നു മലയിൻകീഴുകാരനായ ഡ്രൈവർ. ഈ സ്വാധീന കരുത്തിൽ സെക്രട്ടറിയേറ്റിൽ കറങ്ങി നടന്ന വിദ്വാനാണ് ഇപ്പോൾ അകത്താകുന്നത്.
പത്തു വർഷമായി ജലവിഭവ വകുപ്പിൽ താൽക്കാലിക ഡ്രൈവറായി ഇയാൾ ജോലി ചെയ്യുകയാണ്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനത്തിലാണ് ഇയാൾ രാത്രി നഗരത്തിൽ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. അതിനിടെ തന്റെ പിഎസിന്റെ ഡ്രൈവർ സ്ഥാനത്തുനിന്ന് സന്തോഷിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉചിതമായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യുന്ന 14-ാമനാണ് ഇയാൾ. അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്തു വീട്ടിൽ കയറിയ ആളും ഒരാൾ തന്നെയെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഏതാനും ദിവസം മുമ്പു പുലർച്ചെയാണു മ്യൂസിയം പരിസരത്തുവച്ചു യുവതിയെ ആക്രമിച്ചത്. അന്നു രാത്രി കുറവൻകോണത്തെ വീട്ടിലും അജ്ഞാതനെത്തി. ഇരുവരും ഒരാൾതന്നെയെന്നു സി.സി. ടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്.
എന്നാൽ, സാഹചര്യത്തെളിവുകൾ പരിശോധിക്കുകയും ശാസ്ത്രീയ അന്വേഷണം നടത്തുകയും ചെയ്ത അന്വേഷണസംഘം ഒടുവിൽ രണ്ടു പേരും ഒരാൾതന്നെ എന്ന നിഗമനത്തിലെത്തി. ഇപ്പോൾ കസ്റ്റഡിയിലുള്ള ആളുടെ ഫോൺ ലൊക്കേഷൻ ഈ രണ്ടു സമയത്തും ഈ ടവറിനു കീഴിലുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ