കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ ഒന്നര വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അതിവിദ്ഗ്ധമായി പ്രതികളെ പിടികൂടിയ കേരളാ പൊലീസ് ഏറെ അഭിനന്ദിക്കപ്പെടുന്ന സമയമാണിത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കകം തന്നെ വയനാട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിടുകയായിരുന്നു. തണുത്തതും ചതുപ്പ് നിറഞ്ഞ പ്രദേശത്തിന്റെ കാലാവസ്ഥയുമാണ് മൃതദേഹം കൂടുതല്‍ അഴുകാനിടവരുത്താത്തത്. പ്രതികള്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ നിരന്തരം ശ്രമിച്ചിട്ടും, കോഴിക്കോട് മെഡിക്കല്‍ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ്, പ്രതികള്‍ വലയിലായത്.

എന്നാല്‍ അതേസമയം, ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടി ഇടയാക്കിയ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ബാലുശ്ശേരി സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമിയുടെ (57) ദുരൂഹമായ കാണാതാവലില്‍ ഇനിയും തുമ്പായിട്ടില്ല. മാമിയെ കാണാതായിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം തികയുകയാണ്. സത്യത്തില്‍ മാമി കേസ്മൂലമാണ് ഹേമചന്ദ്രന്‍ കേസ് തെളിഞ്ഞത് എന്നാണ്, പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ കേസിലെ പൊലീസ് വീഴ്ചകള്‍ വാര്‍ത്തയാതോടെയാണ്, മിസിങ് കേസുകളുടെ അന്വേഷണത്തില്‍ സിറ്റി പോലീസ് കൂടുതല്‍ മികവാര്‍ജിച്ചത്. മാമി കേസില്‍ 'ഗോള്‍ഡന്‍ അവേഴ്സ്' നഷ്ടപ്പെടുത്തിയെന്ന് സ്വയം വിമര്‍ശിക്കുന്ന പോലീസ് അതിനുശേഷം വന്ന എല്ലാ പരാതികളും കൃത്യമായി അന്വേഷിച്ച് കണ്ടെത്തുന്ന രീതിയിലേക്ക് മാറി. ഈ വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ മേല്‍നോട്ടവും വഹിച്ചു. അങ്ങനെയാണ് ഹേമചന്ദ്രന്‍ കേസ് തെളിഞ്ഞത്. പക്ഷേ മാമി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

ഇടക്കിടെ വഴിത്തിരുവുകള്‍

മാമി കേസ് ഇപ്പോള്‍ ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്്. ഇടക്കിടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് എന്ന് വാര്‍ത്ത വരുന്നതല്ലാതെ, പ്രായോഗികമായി ഒന്നും സംഭവിക്കുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കി വിവരശേഖരണം തുടങ്ങിയെന്നാണ് ഏറ്റവും ഒടുവില്‍ അറിയുന്നത്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുതന്നെ 300 ദിവസങ്ങളായി. അടുത്തിടെ അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി പകരം നിയമനം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ കോള്‍ രേഖകളും ഉപയോഗിച്ചുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് പുതിയൊരു വിവരം ലഭിച്ചത്. നേരത്തേ നടക്കാവ് പോലീസും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോള്‍ ശേഖരിച്ചുവെച്ചിരുന്ന ചില ഫോണ്‍കോള്‍രേഖകള്‍ ഈ ഘട്ടത്തിലും ഗുണം ചെയ്യുമെന്നാണ് അറിയുന്നത്.

മാമിയുടെ രണ്ട് മൊബൈല്‍ഫോണുകളും ഒന്നിച്ച് ഓഫായ തലക്കുളത്തൂര്‍ ഭാഗത്തെ വിവിധ മൊബൈല്‍ ടവറുകളില്‍നിന്നെടുത്ത ചില ഫോണ്‍നമ്പറുകളാണ് തെളിവായി മുന്നിലുള്ളത്. 14 മൊബൈല്‍നമ്പറുകളാണ് പ്രധാനമായും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ മൊബൈല്‍ നമ്പറുകളുടെ ഉടമകളെ ഉള്‍പ്പെടെ 200-ലേറെപ്പേരെ ഇതിനകം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുകഴിഞ്ഞു. ഇതില്‍ ചിലര്‍ നല്‍കിയ മൊഴികള്‍ അവാസ്തവമാണെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ്.

2023 ഓഗസ്റ്റ് 21-ന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തില്‍നിന്ന് ഒരു വാഹനത്തില്‍ കയറി തലക്കുളത്തൂര്‍ ഭാഗത്തേക്കാണ് മാമി പോയത്. അടുത്തദിവസംവരെ തലക്കുളത്തൂര്‍ പ്രദേശത്തുണ്ടായിരുന്ന മാമിയുമായി ഫോണില്‍ സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ ഉണ്ടായിരുന്നതായും അവരുടെ ശബ്ദം ഇതിനിടെ കേട്ടിരുന്നതായും വീട്ടുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇതുവെച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അജിത്കുമാറും പി വി അന്‍വറും




എഡിജിപി എം ആര്‍ അജിത്ത്കുമാറിനെയും, സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെയും പേരില്‍, മൂന്‍ എംഎഎല്‍ പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചതോടെയാണ് മാമി കേസ് രാഷ്ട്രീയ വിവാദവും ആവുന്നത്. കള്ളക്കടത്തുകാരുടെ സ്വര്‍ണ്ണം പിടിച്ച് അത് അടിച്ചുമാറ്റുന്ന സംഘങ്ങളാണ് മാമിയുടെ കാണാതാവിൃലിന് പിന്നിലെന്നും, അതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നുമായിരുന്നു പി വി അന്‍വര്‍ സൂചന നല്‍കിയത്.

സംഭവത്തില്‍ 250ഓളംപേരെ പൊലീസ് ചോദ്യംചെയ്തിരുന്നു. കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ ഇവരൊക്ക പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കിയത്. മാമിയുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവരില്‍ പലരും, കേസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതായും സംശയമുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു മാമി. അധികം ആരോടും സംസാരിക്കാതെ സ്വന്തംകാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം പുരോഗമിച്ചിരുന്നു. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. സുഹൃത്തുക്കളും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണ ബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഹൈദരബാദ് അടക്കമുള്ള സ്്ഥലങ്ങളിലും ഊര്‍ജിതമായി അന്വേഷണം നടക്കുന്നുണ്ട്. ഹൈദരബാദില്‍ വെച്ച്് ചില നിര്‍ണ്ണായക സംഭവങ്ങള്‍ ഉണ്ടായെന്നും, ക്രൈംബ്രാഞ്ചിന് സൂചന കിട്ടിയിരുന്നു. പക്ഷേ ഇതിലൊന്നും കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ല.