കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച മാമി തിരോധാന കേസില്‍ പോലീസിനെതിരെ മാമിയുടെ കുടുംബം രംഗത്ത്. മാമി തിരോധാനക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നതായി കാണാതായ മാമിയുടെ കുടുംബം വ്യക്തമാക്കി. ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയണമെന്നും അന്വേഷണം വേഗത്തില്‍ നടത്തണമെന്നും മാമിയുടെ മകള്‍ അദീബ നൈന ആവശ്യപ്പെട്ടു.

മാമി തിരോധാന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ കുടുംബവും, ആക്ഷന്‍ കമ്മറ്റിയും ഇക്കാര്യം പറഞ്ഞിരുന്നതായി മാമി തിരോധാന കേസിലെ ആക്ഷന്‍ കമ്മറ്റി അംഗമായ അസ്ലമും വെളിപ്പെടുത്തി.കാണാതാകുമ്പോള്‍ മാമി പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നില്ല.പിന്നീട് പോയി പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നം ആണ് പറഞ്ഞത്. മാമിയെ കാണാതായ സിഡി ടവറിലെ സിസിടിവി പോലും പരിശോധിച്ചില്ലെന്നും അസ്ലം കുറ്റപ്പെടുത്തി.

കാണാതായതിന് ശേഷം പൊലീസ് അല്ലാത്ത ചിലര്‍ അവിടെ ചെന്ന് സിസിടിവി പരിശോധിച്ചു എന്ന് വിവരം ലഭിച്ചിരുന്നു.ഇത് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മാമിയുടെ ഡ്രൈവര്‍ റെജിയുടെ സാന്നിധ്യവും, ഫോണ്‍ കോള്‍ വിശദാംശവും പരിശോധിച്ചില്ലെന്നും അസ്ലം ആരോപിച്ചു. കുടുംബത്തോട് പോയി പരിശോധിക്കാന്‍ ആണ് പൊലീസ് പറഞ്ഞത്.

നടക്കാവ് പൊലീസ് മാത്രമല്ല വീഴ്ച വരുത്തിയത്. കേസ് അട്ടിമറിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയത് എന്ന് കൂടി അന്വേഷിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഒരു വര്‍ഷമായി. അന്വേഷണം നടക്കുന്നുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന വിവരമെന്നും അസ്ലം അറിയിച്ചു.

കോഴിക്കോട് മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാമിയെ കാണാതായ ദിവസം സിസി ടിവി പരിശോധിക്കുന്നതിലുള്‍പ്പെടെ നടക്കാവ് പോലീസ് വീഴ്ച വരുത്തിയെന്നാണ് നാര്‍ക്കോട്ടിക് എസിപി ഉത്തരമേഖലാ ഐജിക്ക് നല്‍കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കുടുംബവും ആരോപിച്ചിരുന്നു.

നടക്കാവ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് പി. കെ ജിജീഷ് ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ച നടക്കാവ് പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് എഡിജിപി നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ്പാല്‍ മീണ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല. മാമിയെ കാണാതായ അരയിടത്തു പാലം സിഡി ടവറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. ഏറെ വൈകിയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിലും പിഴവുണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് തുടര്‍ അന്വേഷണത്തെ ബാധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരുടെ വിശദീകരണം പരിശോധിച്ചശേഷമാകും തുടര്‍ നടപടി.കേസ് തുടക്കത്തില്‍ അന്വേഷിച്ച നടക്കാവ് പോലീസിന് വീഴ്ചയുണ്ടായെന്ന് മാമിയുടെ കുടുംബം നേരത്ത ആരോപിച്ചിരുന്നു.

2023 ഓഗസ്റ്റ് 22നാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കള്‍ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാര്‍ഥത്തില്‍ വഴിമുട്ടുകയായിരുന്നു.