റാന്നി: പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ യുവാവിനെ വെട്ടി വീഴ്്ത്തി കല്ലിന് ഇടിച്ച് മൃതപ്രായനാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ചേത്തക്കൽ നടമംഗലത്ത് അരവിന്ദ് വി. നായരെ (28) ആക്രമിച്ച കേസിൽ ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസാ(33)ണ് അറസ്റ്റിലായത്. അരവിന്ദ് ഗുരുതരമായ പരുക്കുകളോടെ ചികിൽസയിലാണ്.

ഞായറാഴ്ച വൈകിട്ട് ആറിന് റാന്നി ഗേറ്റ് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് പ്രിൻസും അരവിന്ദുമായി വാക്കേറ്റം ഉണ്ടായി. അസഭ്യം വർഷമും ഏറ്റുമുട്ടലും നടന്നു. ഇതിന് പകരം ചോദിക്കാൻ ബന്ധു മനുമോഹനെയും കൂട്ടി തിങ്കളാഴ്ച പുലർച്ചെ പ്രിൻസിന്റെ വീട്ടിലേക്ക് അരവിന്ദ് പോയപ്പോഴാണ് ആക്രമണം നടന്നത്.

കാറിന് പിന്നാലെ എത്തിയ പ്രിൻസ് പൊടിപ്പാറ സ്‌കൂളിന് താഴെ വച്ച് സ്‌കൂട്ടർ കുറുകെ വച്ച് കാർ തടയുകയായിരുന്നു. കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി വന്ന അരവിന്ദിനെ വടിവാൾ കൊണ്ട് പ്രിൻസ് വെട്ടി. ഇടത് പുരികത്തിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. വെട്ടുകളേറ്റ് റോഡിൽ കമഴ്ന്നു വീണപ്പോൾ തലയ്ക്കുപിന്നിൽ നാലുതവണ വെട്ടി.

തുടർന്ന് വലതുകൈ മുട്ടുഭാഗത്തും വെട്ടി മാരകമായി പരുക്കേൽപ്പിച്ചു. പിന്നീട്, കല്ലെടുത്ത് ഇടതുകൈ മുട്ടിനു മുകൾഭാഗത്തും കൈയുടെ മസിൽ ഭാഗത്തും, രണ്ട് തോൾ പലകകളിലും നെഞ്ചിലും വയറിലുമായി ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കാറിന്റെ മുൻവശം ഗ്ലാസ് ഇടിച്ചു
പൊട്ടിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരവിന്ദിനെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന്, തിങ്കളാഴ്ച തന്നെ പ്രതിയെ വീടിനു സമീപത്തു നിന്നും പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എഎസ്ഐ മനോജ്, സി.പി.ഓമാരായ അജാസ്, സലാം, സോജു, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ഉള്ളത്.