മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 19 പേരിൽ നിന്നായി തട്ടിയത് 10 ലക്ഷം തട്ടിയെടുക്കുകയും ചെയ്തത് വ്യാജ സൈനികൻ. തട്ടിപ്പുവീരനെ പ്രത്യേക അന്വോഷണ സംഘം കാസർക്കോട്ടെ ഒളിത്താവളത്തിൽ നിന്നും പിടികൂടി. ആലപ്പുഴ കീരിക്കാട് സ്വദേശി തുരുത്തിൽ കിഴക്കേതിൽ തൗഫീഖ് (33) ആണ് പിടിയിലായത്.

എയർപോർട്ടിൽ സിഐ.എസ്.എഫ് ക്യാപ്റ്റനാണെന്നും വ്യാജ ഐ.ഡി കാർഡ് കാണിച്ചും ആണ് ആളുകളെ കബളിപ്പിച്ചത്. 19 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപയാണ് തട്ടിയത്. തട്ടിപ്പു നടത്തുന്നതിനായി വ്യാജ വിലാസത്തിലാണ് ഇയാൾ 3 മാസത്തോളമായി താമസിച്ചു വന്നിരുന്നത്. കാസർക്കോട് വച്ച് പിടിക്കുന്ന സമയം വക്കീൽ ആയി അടുത്ത തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടിഎ.സി.പി: വിജയ ഭാരത് റെഡ്ഡിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തിൽ ഡൻസാഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. അതേ സമയം സമാനമായ തട്ടിപ്പ് നേരത്തെയും മലപ്പുറത്ത് നടന്നിരുന്നു. എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത് ഒരുമാസം മുമ്പാണ്. കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിലാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവിയാണ് വലയിലായത്.

ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചത്. ശേഷം ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്‌ഐ യുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിൽ ആണെന്ന് ഇയാൾ ആദ്യം പറഞ്ഞു.

തുടർന്ന് സിഐ ഉൾപെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017 ൽ നടന്ന ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്കെതിരെ വാറൻഡ് നിലവിലുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി.