കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റഫിന്റെ അയല്‍വാസിയാണ് പിടിയിലായത്. അഷറഫിന്റെ വീട്ടിന് സമീപത്തു താമസിക്കുന്ന ലിജീഷ് എന്നയാളെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം 20 നായിരുന്നു അരിവ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ മോഷണം നടന്നത്.

കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19 - ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്. ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ലോക്കര്‍ കൃത്യമായി തുറന്ന മോഷ്ടാവ്, വ്യാപാരിയായ അഷ്റഫിനെ ശരിക്കും പരിചയമുള്ള ആളാണെന്ന സംശയം പോലീസിന് തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നു. നവംബര്‍ 24ന് രാത്രിയില്‍ മധുരയില്‍ നിന്ന് മടങ്ങിവന്ന അഷ്റഫും കുടുംബവും മോഷണം തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിച്ചതാണ്. അന്ന് തുടങ്ങിയ അന്വേഷണം ഊര്‍ജ്ജതമായിരുന്നു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിലുള്ളത് ഇരുപതിലേറെ പേര്‍. റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ജംഗ്ഷനുകള്‍, തുടങ്ങി സംശയിക്കവുന്ന സ്ഥലങ്ങളിലെയെല്ലാം സിസിടിവികള്‍ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മോഷ്ടാവിന്റെ വിരലടയാളം സ്ഥിരം ക്രമിനിലുകളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയിട്ടും ഒരു പ്രയോചനവുമുണ്ടായില്ല. പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ വരെ ചെന്നതും അന്വേഷണത്തില്‍ നിര്‍ണായകമായി. അതിനിടെ വീട്ടിലെ സിസിടിവിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞു. സിസിടിവിയില്‍ മുഖം വ്യക്തമല്ലാത്തതാണ് ഇവിടെ തിരിച്ചടിയായെങ്കിലും. പിടിയിലായ പ്രതി ഒറ്റക്കാണോ കവര്‍ച്ച നടത്തിയതെന്നും ഇയാള്‍ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇനി അറിയേണ്ടത്.

രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ല എന്നതായിരുന്നു പോലീസിന്റെ തുടക്കത്തിലെ നിഗമനം. അഷ്റഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് അകത്തുകടന്നതെന്നും പോലീസ് കണക്കാക്കി. ഇതിന് ശേഷമാണ് ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് പ്രതിയിലേക്ക് എത്തിയത്.