- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും! ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍ പ്രവാസിയുടെ തന്ത്രം ഇങ്ങനെ; 9000 കൂപ്പണുകള്‍ വിറ്റതോടെ കേസെടുത്തു; പോലീസെത്തി ബെന്നിയെ അറസ്റ്റു ചെയ്തു; ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന് പോലീസ്
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും!
കണ്ണൂര്‍: കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി. 1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത മുന്‍ പ്രവാസി ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസാണ് അറസ്റ്റിലായിരിക്കുന്നത്. വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പില്‍ വെച്ചു കൊണ്ടാണ് ധനസമാഹരണത്തിന് അദ്ദേഹം തുനഞ്ഞത്. ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുെട ചികിത്സ നടത്താനുമായിരുന്നു ഈ ശ്രമം.
ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പിന് കൂപ്പണ്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നിയുടെ ഭാര്യം.
സൗദി അറേബ്യയിലെ റിയാദില്‍ 35 വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ബെന്നി അടയ്ക്കാത്തോട് വീടും സ്ഥലവും വാങ്ങിയത്. സൗദിയില്‍ ഡ്രൈവറായിരുന്ന ബെന്നി പിന്നീട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്ന അല്‍വത്താനിയ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. 2016ല്‍ റിയാദില്‍ സ്വന്തം സംരംഭമായി സ്‌പെയര്‍പാര്‍ട്‌സ് കട തുടങ്ങി. ഒപ്പം നാട്ടില്‍ കുറച്ചു കൃഷിയും ആരംഭിച്ചു. ഇതിനെല്ലാമായി 55 ലക്ഷം രൂപ വായ്പയെടുത്തു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ വന്നതോടെ വായ്പാ തിരിച്ചടവു മുടങ്ങി.
ലോക്ഡൗണ്‍ മാറിയപ്പോള്‍ സൗദിയിലെ സ്‌പോണ്‍സര്‍ മരിച്ചു. പകരം മകന്‍ സ്‌പോണ്‍സറായി വന്നു. ഒരുവിധം കാര്യങ്ങള്‍ നേരെയായി വരുന്നതിനിടെ സ്‌പോണ്‍സറെ കാണാതെയായി. ഇയാളെ കണ്ടെത്താനും വീസ പുതുക്കാനും സാധിക്കാതെ വന്നതോടെ കട പൂട്ടി. ഇതിനിടയിലാണു ഭാര്യയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി കയ്യിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. കടം 85 ലക്ഷത്തിലധികമായി. ഭാര്യയുടെ ചികിത്സയ്ക്കായി 21 ദിവസം കൂടുമ്പോള്‍ 2.75 ലക്ഷം രൂപയോളം ആവശ്യമാണ്. വീടും സ്ഥലവും വിറ്റ് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കടം വീട്ടാനും ശ്രമിച്ചെങ്കിലും വില്‍പ്പന നടക്കാതെ വന്നു.
ഇതോടെയാണ് അറ്റകൈ പ്രയോഗമായി കൂപ്പണ്‍ അടിച്ച് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. ഒന്നാം സമ്മാനം വീടും സ്ഥലവും രണ്ടാം സമ്മാനം യൂസ്ഡ് ഥാര്‍ കാര്‍, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാര്‍, നാലാം സമ്മാനം പുതിയ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതിനിടെ വീടും സ്ഥലവും വില്‍പ്പന നടത്താനും ശ്രമിച്ചുകൊണ്ടിരുന്നു. വില്‍പ്പന നടത്തിയാല്‍ കൂപ്പണ്‍ വാങ്ങിച്ചവര്‍ക്ക് പണം തിരികെ നല്‍കാനായിരുന്നു തീരുമാനം.
ഈ വഴിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമം നടക്കവേയാണ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും നാള്‍ യാതൊരു നടപടിയും എടുക്കാതിരുന്ന ലോട്ടറി വകുപ്പ് അവസാന നിമിഷം ഇത്തരം നീക്കവുമായി വന്നത് എന്തിനാണെന്ന് അറിയില്ലെന്നും വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ബെന്നി പറഞ്ഞു. കൂപ്പണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതാണ്. അതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രശ്‌നമില്ലെന്ന് കണ്ട് മുന്നോട്ടു പോയതും. ഒമ്പതിനായിരത്തോളം കൂപ്പണുകള്‍ വില്‍ക്കാനായി. കടം തീര്‍ത്തശേഷം ബാക്കിയുള്ള പണത്തിന് ചെറിയൊരു വീടുവാങ്ങി താമസം മാറാനായിരുന്നു ബെന്നിയുടെ തീരുമാനം. ഇതെല്ലാം ഇപ്പോള്‍ അവതാളത്തിലാകുകയാണ് ഉണ്ടായത്.




