മട്ടന്നൂർ: കാസർകോട് ജില്ലയിലെ പൈവെളിഗയിൽ പ്രവാസിയെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിലെ പ്രതി കണ്ണൂർ വിമാന താവളത്തിൽ അറസ്റ്റിലായി. കാസർകോട് ജില്ലയിലെ പൈവളിഗെയിൽ പ്രവാസിയായ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒരാൾ കൂടിയാണ് അറസ്റ്റിലായത് പൈവളിഗെ സ്വദേശി പി എം അബ്ദുൽ ജലീലാണ് പിടിയിലായത്.

ഇയാൾ ക്വട്ടേഷൻ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു. യു എ ഇയിൽ നിന്ന് എത്തിയപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതാണ് അറസ്റ്റ് എളുപ്പമാക്കിയത്. അതേസമയം പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു.

കഴിഞ്ഞ ജൂൺ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിന് ശേഷം അബ്ദുൽ ജലീൽ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. ഇയാൾക്കായി വിമാന താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടിസി റക്കിയിരുന്നു.

ജലീൽ കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതു കാരണമാണ് പൊലിസ് വിമാന താവളത്തിൽ പ്രതിയെ പിടികൂടാനായി ക്യാംപ് ചെയ്തത്. പൈവെളിഗെ നൂച്ചി ലയിൽ നിന്നാണ് സാമ്പത്തിക തർക്കം കാരണം ക്വട്ടേഷൻ സംഘം പ്രവാസിയെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാസർകോട് ജില്ലയെ നടുക്കിയ കൊലപാതകങ്ങളിലൊന്നായിരുന്നു അബുബക്കർ സിദ്ദിഖിന്റേത്.