തൊടുപുഴ: 14 വർഷമായി വ്യാജ റിക്രൂട്ടിങ് ഏജൻസി നടത്തിവന്ന തട്ടിപ്പുകാരനെയാണ് കഴിഞ്ഞ ദിവസം തൊടുപുഴയിൽ പൊലീസ് പിടികൂടിയത്. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് മുട്ടം കാക്കൊമ്പ് പാറേപ്പടിക്കൽ ജോബി മാത്യു (45). അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴി ഉദ്യോഗാർഥികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെന്നാണ് ഇയാൾക്കെതിരായ കേസ്. തൊടുപുഴ ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ പ്രൈവറ്റ് എംപ്ലോയ്മെന്റ് സർവീസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകൾ.

2008 മുതൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ അയ്യായിരത്തോളംപേർ കബളിപ്പിക്കപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായി. ഒരാളിൽനിന്ന് രണ്ട് ഘട്ടങ്ങളായി 55,000മുതൽ 60,000 രൂപവരെയാണ് പ്രതി വാങ്ങിയത്. ഇത്തരത്തിൽ 30 ലക്ഷത്തോളം രൂപ ഇയാൾ ഉദ്യോഗാർഥികളിൽനിന്ന് തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.

പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർഥികളെ കണ്ടെത്തിയിരുന്നത്. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, സൂപ്പർവൈസർ എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം നൽകിയ ആരെയും ഇതുവരെ വിദേശത്ത് ജോലിക്ക് അയച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. 2019-ൽ ഇയാൾക്കെതിരേ തൊഴിൽതട്ടിപ്പിന് കേസെടുത്തിരുന്നു. എന്നാൽ, പരാതിക്കാരന് പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കി വീണ്ടും സ്ഥാപനം തുറന്നു.

ഇയാൾ വീണ്ടും പരസ്യംചെയ്ത് ഉദ്യോഗാർഥികളെ കണ്ടെത്തി. ഇവരിൽനിന്ന് പണംവാങ്ങുകയും രസീത് നൽകുകയും ചെയ്തു. മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർഥികൾ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പൂട്ടി. ഇതോടെയാണ് പണം നൽകിയവർ പരാതിയുമായി തൊടുപുഴ പൊലീസിനെ സമീപിച്ചത്.

എൺപതോളം പരാതികൾ സ്ഥാപനത്തിനെതിരേ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതിയെ തൊടുപുഴ കുന്നത്തുള്ള ഭാര്യവീട്ടിൽനിന്നാണ് പിടികൂടിയത്. തൊടുപുഴ ഡിവൈ.എസ്‌പി. എം.ആർ.മധു ബാബു, എസ്‌ഐ.മാരായ ബൈജു പി.ബാബു, ടി.ജി.നൗഷാദ്, എഎസ്ഐ. കെ.ഇ.നജീബ്, സി.പി.ഒ.മാരായ ടി.എ.സനീഷ്, മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.