അടൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറിയും ബൈക്കിൽ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം കാട്ടി യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വി. അഖിലിനെ (23)യാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാൾ ആറു മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടജ്. ഇൻസ്റ്റാഗ്രാമിലും ഫോൺ മുഖേനയും പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

മെയ്‌ മാസത്തിൽ ഒരുദിവസം വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പു മുറിയിൽ പിടിച്ചുവലിച്ചു കൊണ്ടുപോയ ശേഷം ഒരുമിച്ചുള്ള ഫോട്ടോകൾ പെൺകുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിച്ചു. ലൈംഗിക അതിക്രമം കാട്ടിയപ്പോൾ തടഞ്ഞ് ബഹളം കൂട്ടിയ പെൺകുട്ടിയെ ഫോട്ടോകൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഇയാൾ പെൺകുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താൻ തുടങ്ങി. കഴിഞ്ഞ 11 ന് രാവിലെ 8.15 ന് കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപം എത്തിയ പ്രതി ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ മുഖത്തടിക്കുകയും ബലാൽക്കാരമായി പിടിച്ചുകയറ്റുകയും ചെയ്തു.

വിജനമായ സ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ വീട്ടിൽ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു മാതാവിന്റെ മൊഴിപ്രകാരം പോക്സോ വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.

പെൺകുട്ടിയുടെ മൊഴി പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തുകയും, അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്തു. പെൺകുട്ടിക്ക് കൗൺസിലിങ് നൽകുന്നതിനുള്ള നടപടിയുമെടുത്തു.അന്വേഷണത്തിൽ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണൻ എന്നിവരും പങ്കെടുത്തു.