- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
കൊച്ചി: വെബ് സീരീസിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും ഒരു ലക്ഷത്തിലധികം രൂപയുടെ മൊബൈൽ ഫോൺ കവർന്നെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതിയും സംഘവും പൊലീസിന്റെ പിടിയിൽ. പറവൂർ ഏഴിക്കര സ്വദേശിയായ വിബിൻ പതി(33) എന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തത്.
സംഭവത്തിൽ എടവനക്കാട്, ആനിയേലി ബീച്ച്, പുലയനാർ പറമ്പിൽ വിനോദിന്റെ മകൾ അഞ്ജന(23), മുളവുകാട്, കോഡാർ നികർത്തിൽ ഗിരീഷ് കുമാറിന്റെ മകൻ ബ്രഹ്മദത്തൻ(22), കതൃക്കടവ്, കൊട്ടാരപ്പള്ളി ആന്റണി ഷിജുവിന്റെ മകൻ സ്റ്റാലിൻ(20), കലൂർ പള്ളിപ്പറമ്പിൽ ജെയിംസിന്റെ മകൻ ജോബിൻ ജെയിംസ്(20), ഇടുക്കി, മറയൂർ, സഹായഗിരി സുബ്ബയ്യയുടെ മകൻ ലക്ഷ്മണൻ(21), മറയൂർ പുതിയിച്ചവയൽ വിൻസെന്റിന്റെ മകൻ റോൺ പീറ്റർ(20) എന്നിവരെ എറണാകുളം ഠൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 25 ന് രാത്രി 11.30 നാണ് വിബിൻ പതിയെ അഞ്ജന ഫോണിൽ വിളിച്ച് വെബ് സീരീസിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുന്നത്. ഇക്കാര്യം സംസാരിക്കാനും ഫോട്ടോ ഷൂട്ടിനുമായിട്ടുമാണ് വടുതല പാലത്തിന് സമീപം വിളിച്ചു വരുത്തുന്നത്. ഇവർ സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടെ അഞ്ജനയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾ കാറുമായെത്തി യുവാവിനെ ബലമായി കയറ്റിക്കൊണ്ടു പോയി.
കാറിനുള്ളിൽ വച്ച് ഇയാളെ പ്രതികൾ ഇടിവളയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന സാംസംങ് മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു. പിന്നീട് വഴിയിൽ ഇറക്കി വിടുകയായിരുന്നു.
സംഭവത്തിന് ശേഷം അടുത്ത ദിവസമാണ് വിബിൻ നോർത്ത് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മർദ്ദനത്തിന് പിന്നിലെ കാരണമെന്തെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടില്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ മറ്റ് വിവരങ്ങൾ ലഭ്യമാകൂ.
ഇൻസ് പെക്ടർ പ്രതാപ് ചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ ടി.എസ് രതീഷ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലൈജു രാജപ്പൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിലേഷ്, വിനീത്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.