- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടഞ്ഞുകിടക്കുന്ന ബന്ധുവീട് കണ്ടപ്പോൾ വല്ലാത്ത മോഷണത്വര; തന്നെ സംശയിക്കാതിരിക്കാൻ വീടിന്റെ ഗ്രില്ല് കുത്തി തുറന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മോഷണം; പതിമൂന്നര പവനും 15,000 രൂപയുമായി മുങ്ങിയെങ്കിലും സിസി ടിവിയിൽ പതിഞ്ഞതോടെ യുവാവിനെ പൊലീസ് പൊക്കി
കണ്ണൂർ: സ്വന്തം ബന്ധുവീടായിട്ടും അടഞ്ഞു കിടന്നു കണ്ടപ്പോൾ സിദ്ധാർത്ഥിന്റെ മോഷണ ത്വര ഉണർന്നു. പിന്നെ വീട്ടില്ല, നല്ല ഒന്നാന്തരം പ്രൊഫഷനൽ മോഷ്ടാവിനെ വെല്ലുന്ന വിധത്തിൽ കവർച്ച നടത്തി.പണവും സ്വർണവുമായി കൊച്ചിയിലേക്ക് മുങ്ങിയ യുവാവിനെ കണ്ണൂർ പൊലിസ് തന്ത്രപരമായി പിടികൂടി.
കണ്ണൂരിലെ സ്വന്തം ബന്ധുവീട്ടിൽ വൻകവർച്ച നടത്തിയ യുവാവിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ നഗരത്തിലെ താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപം വീടുകുത്തിതുറന്ന് പതിമൂന്നര പവനും പതിനയ്യായിരം രൂപയും മോഷ്ടിച്ച കേസിൽ പരാതിക്കാരി പുഷ്പലതയുടെ അനുജത്തിയുടെ മകളുടെ ഭർത്താവിനെയാണ് പൊലിസ് പിടികൂടി. സിദ്ദാർത്ഥ് സോമശേഖരനാ(37)ണ് അറസ്റ്റിലായത്.
വീട്ടുടമയും മറ്റുബന്ധുക്കളും പുറത്തു പോയ സമയത്ത് പ്രതി ബന്ധുവീട്ടിൽ തന്നെ തക്കം പാർത്ത് കവർച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയത് താനാണെന്ന് സംശയിക്കാതിരിക്കാൻ പ്രൊഫഷനൽ കള്ളന്മാരെപ്പോലെ വീടിന്റെ ഗ്രിൽസ് കുത്തിതുറന്ന് ഇലക്ട്രിക് കട്ടർ ഉപയാഗിച്ചു അലമാര മുറിച്ചാണ് അലമാരക്കകത്തുണ്ടായിരുന്ന സ്വർണവും പണവും മോഷ്ടിച്ചത്. സിദ്ധാർത്ഥിനെതിരെ പാലക്കാട്, കോട്ടയം ജില്ലകളിൽ മോഷണ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ വിവിധ കേസുകളിൽ രണ്ടുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അന്വേഷണത്തിന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനു മോഹൻ, എസ്. ഐ നസീബ്, എ. എസ്. ഐ രഞ്ജിത്ത്, എ. എസ്. ഐ അജയൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർ നാസർ, ഷൈജു, സി.പി. ഒ രാജേഷ്, ഷിനോജ്, ബിനു, രജിൽ രാജ് എന്നിവരും പങ്കെടുത്തു.
എറണാകുളത്തു നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പലപ്പോഴായി ഇയാൾ ഈ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചിരുന്നു. മോഷണം നടത്തിയത് പുറമേ നിന്നും വന്നയാളല്ലെന്ന് സംഭവദിവസം തന്നെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ക്യാമകൾ പരിശോധിച്ചപ്പോൾ സിദ്ധാർത്ഥിന്റെ ചിത്രം ലഭിച്ചു. ഇയാൾ മോഷണം നടത്തിയതിനു ശേഷം എറണാകുളത്തേക്ക് മടങ്ങിയെന്നു പൊലിസിന് വ്യക്തമായതോടെയാണ് അവിടെ പോയി അറസ്റ്റു ചെയ്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ഇയാളിൽ നിന്നും മോഷണ മുതലും കണ്ടെടുത്തിട്ടുണ്ട്.




