- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊലക്കേസില്‍ ഒളിവില്‍ പോയി; തിരിച്ചുവരവ് 'പൊലീസുകാരനായി'; 35 വര്‍ഷം പൊലീസ് സര്‍വീസില്‍; വിരമിക്കാനിരിക്കെ ഇരട്ടജീവിതം ഒറ്റിയത് അനന്തരവന്‍; കൊടും ക്രിമിനല്‍ പിടിയില്‍
കൊലക്കേസില്‍ ഒളിവില്‍ പോയി; തിരിച്ചുവരവ് 'പൊലീസുകാരനായി'
വാരാണസി: കൊലക്കേസില്‍ ഒളിവില്‍ കഴിയവെ വ്യാജ രേഖകള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗം നേടിയെടുത്ത് 35 വര്‍ഷം സര്‍വീസില്‍ തുടര്‍ന്ന കൊടും ക്രിമിനല്‍ പിടിയില്‍. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ നക്ടു യാദവ് ആണ് 35 വര്‍ഷം പൊലീസ് സര്‍വീസില്‍ ജോലി ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സിനിമയെ പോലും വെല്ലുന്ന സംഭവം നടന്നത്. നിരവധി കേസുകളിലെ പ്രതി ഇത്രയും കാലം എങ്ങനെ പിടിയിലാകാതെ രക്ഷപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ട്.
അസംഗഢില്‍ ഗുണ്ടാ ജീവിതം നയിച്ചുവരികയായിരുന്നു നക്ടു യാദവ്. നാലാം ക്ലാസ് വരെയായിരുന്നു വിദ്യാഭ്യാസം. മോഷണം, കത്തിക്കുത്ത് അടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായി. ഇതിനിടെ 1984ല്‍ ഒരു കൊലക്കേസില്‍ നക്ടു യാദവ് ഒളിവില്‍ പോയി. ഇതിന് ശേഷവും ഇയാള്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. എന്നാല്‍ നക്ടു യാദവിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല.
ഇതിനിടെയാണ് വ്യാജ എട്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോകൈ യാദവ് എന്നയാളുടെ മകന്‍ നന്ദലാല്‍ എന്ന് സ്വയം നാമകരണം ചെയ്ത് ഇയാള്‍ ഹോം ഗാര്‍ഡായി ജോലിക്ക് കയറുന്നത്. 35 വര്‍ഷം ആരും അറിയാതെ ഇയാള്‍ ജോലിയില്‍ തുടര്‍ന്നു. 57-ാം വയസില്‍ വിരമിക്കാനിരിക്കെയാണ് കള്ളിവെളിച്ചത്താകുന്നത്.
2024 ഒക്ടോബറില്‍ നക്ടു യാദവിന്റെ അനന്തരവന്‍ നന്ദലാല്‍ യാദവും അയല്‍വാസികളും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായി. വിഷയം പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ തന്റെ അമ്മാവന്‍ ഇരട്ടജീവിതമാണ് നയിക്കുന്നതെന്ന് നന്ദലാല്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ പൊലീസിന് സംശയമായി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസംഗഢ് ഡിഐജി വൈഭവ് കൃഷ്ണ ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നക്ടു യാദവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അസംഗഢ് എസ് പി ഹേംരാജ് മീണ പറഞ്ഞു.
ഇയാള്‍ക്ക് ഉന്നതരില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കും. റാണി കി സാരായ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കം ഇയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇക്കാര്യം അടക്കം സൂക്ഷമമായി പരിശോധിക്കുമെന്നും എസ് പി അറിയിച്ചു.