- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺസുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ യുവതിക്ക് നേരെ വടിവാൾ ആക്രമണം; 20കാരിയെ അടിച്ചുവീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം; അക്രമിയെ കീഴടക്കി നാട്ടുകാർ; പ്രതി യുവതിയുടെ മുൻസഹപാഠിയെന്ന് പൊലീസ്
മുംബൈ: പൂണെ സദാശിവ് പേഠിൽ നടുറോഡിൽ യുവതിക്ക് നേരേ വടിവാൾ ആക്രമണം. പൂണെ സ്വദേശിനിയായ 20-കാരിക്ക് നേരേയാണ് നടുറോഡിൽ ആക്രമണമുണ്ടായത്. വടിവാളുമായി പിന്തുടർന്നെത്തിയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. അക്രമിയെ പിന്നീട് നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. ശാന്തനു ലക്ഷ്മൺ യാദവ് എന്നയാളാണ് യുവതിക്ക് നേരേ വടിവാൾ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ശാന്തനുവും സ്‌കൂട്ടർ യാത്രക്കാരനുമായി വാക്കേറ്റത്തിലേർപ്പെടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സ്‌കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും വാഹനത്തിൽ നിന്നിറങ്ങി.
ഈ സമയത്താണ് പ്രതി കൈയിൽ ഒളിപ്പിച്ചിരുന്ന വടിവാൾ വീശിയത്. ആദ്യം യുവതിയുടെ ആൺസുഹൃത്തിനെ വടിവാൾ വീശി ഓടിച്ചു. ഇതോടെ യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നോടി യുവതിയെ ആക്രമിക്കുകയുമായിരുന്നു. യുവതിയെ പിന്തുടർന്ന പ്രതി പിറകിൽനിന്ന് അടിച്ചുവീഴ്‌ത്തി. ഇതിനുശേഷം യുവതിയെ നടുറോഡിലിട്ട് ആക്രമിച്ചെന്നാണ് റിപ്പോർട്ട്.
നാട്ടുകാർ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തി. പിന്നാലെ കല്ലും മറ്റുവസ്തുക്കളും എറിഞ്ഞ് പ്രതിയെ പിന്തിരിപ്പിക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി.
പ്രതി യുവതിയുടെ മുൻസഹപാഠിയാണെന്നാണ് പൊലീസ് നൽകുന്നവിവരം. യുവതി തന്നോട് സംസാരിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും ആൺസുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ യുവതി സംസാരിക്കാൻ കൂട്ടാക്കാതിരുന്നതോടെയാണ് പ്രതി ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
നേരത്തെയും ശാന്തനു മകളെ ശല്യംചെയ്തിരുന്നതായി യുവതിയുടെ മാതാവും വെളിപ്പെടുത്തി. ശല്യംസഹിക്കവയ്യാതെ അയാളുടെ പിതാവിനോട് പരാതി അറിയിച്ചിരുന്നതായും ഇപ്പോൾ തന്റെ മകളെ കൊല്ലാനാണ് അയാൾ ശ്രമിച്ചതെന്നും മാതാവ് പറഞ്ഞു.




