- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മറവന്തുരുത്തില് മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി; രക്ഷപ്പെടുത്തിയ കടത്തുകാരുമായി വാക്കുതര്‍ക്കം; ഡോര്‍ തുറന്നതിനാലാണ് കാര്‍ മുങ്ങി പോയതെന്ന വിചിത്രവാദം; യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്
മറവന്തുരുത്തില് മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി
കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി. മറവന്‍തുരുത്ത് ആറ്റുവേലക്കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്. കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരന്‍ ആണ് ഡോര്‍ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. അമിത വേഗതയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാര്‍ തോണിയുമായി ഉടന്‍ എത്തുകയായിരുന്നു. തോണി കാറിനോട് ചേര്‍ത്തുനിര്‍ത്തി ഡോര്‍ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കടത്തുകാര്‍ എത്താന്‍ വൈകിയിരുന്നെങ്കില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി യുവാവ് അപകടത്തില്‍പെടുമായിരുന്നു. എന്നാല്‍, രക്ഷപ്പെടുത്തിയതിന് പിന്നാലെ കടത്തുകാരുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടു. കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്നതിനാലാണ് വാഹനം മുങ്ങി പോയതെന്ന വിചിത്ര മറുപടിയാണ് യുവാവ് നല്‍കിയത്. കടത്തുകാരുമായി യുവാവ് തര്‍ക്കിക്കുകയും ചെയ്തു.
ഡോര്‍ തുറന്നില്ലെങ്കില്‍ മുങ്ങി ചാവുമായിരുന്നുവെന്നും ആളുകളെ മെനക്കെടുത്തിയതും പോരെന്ന് പറഞ്ഞ് കടത്തുകാരന്‍ തിരിച്ചും മറുപടി നല്‍കി. കടത്തുകാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയും പുറത്തുവന്നു. കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് പോയതാണോ അതു വഴി തെറ്റി എത്തിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാര്‍ അമിത വേഗതയില്‍ ഓടിച്ചിറക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.