- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയേയും ബന്ധുക്കളെയും കുടുക്കാൻ അഞ്ച് ആത്മഹത്യാക്കുറിപ്പുകൾ എഴുതിവാങ്ങി; തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാൻ മകളോട് ആവശ്യപ്പെട്ടു; കഴുത്തിൽ കുരുക്ക് മുറുക്കി നിൽക്കുന്ന ഫോട്ടോ എടുത്ത ശേഷം സ്റ്റൂൾ ചവിട്ടി മാറ്റി; തെളിവായത് ഫോണിലെ ഫോട്ടോ; 16 കാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഭാര്യയെയും ബന്ധുക്കളെയും കുടുക്കാൻ ആത്മഹത്യാകുറിപ്പ് എഴുതി വാങ്ങിയശേഷം മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാഗ്പുരിലെ കൽമാനയിലാണ് 16-കാരിയെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാൻ പറഞ്ഞ് കഴുത്തിൽകുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.
പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ പരാമർശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു. എന്നാൽ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നത്.
പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഈ ഫോണിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. തൂങ്ങുന്നതായി അഭിനയിക്കാൻ പെൺകുട്ടിയോട് പിതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചിത്രം പകർത്തിയ പിതാവ്, തനിക്ക് ഭാര്യയേയും ബന്ധുക്കളേയും ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു.
അഞ്ചുപേരുടേയും പേരുകൾ ഉൾപ്പെടുത്തി അഞ്ച് ആത്മഹത്യാക്കുറിപ്പുകൾ എഴുതാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കഴുത്തിൽ കുരുക്കിട്ട് പെൺകുട്ടിയെ സ്റ്റൂളിന് മുകളിൽ കയറ്റിനിർത്തി. ഫോട്ടോയെടുത്ത ശേഷം ഇയാൾ സ്റ്റൂൾ തട്ടിമാറ്റി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 12 വയസ്സുള്ള സഹോദരിയുടെ മുന്നിൽവച്ചായിരുന്നു കൊലപാതകം.
കൊലപാതകത്തിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങിയ പിതാവ് അൽപസമയത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. ഇയാൾ തന്നെയാണ് പെൺകുട്ടി കൊല്ലപ്പെട്ടവിവരം പൊലീസിനെ അറിയിക്കുന്നത്. പുറത്ത് പോയി തിരിച്ചുവന്ന താൻ മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി കാണിക്കുന്ന ഫോട്ടോ ഫോണിൽ നിന്നും ലഭിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഇയാളുടെ ആദ്യഭാര്യ 2016ൽ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.
നവംബർ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് അഞ്ച് ആത്മഹത്യാ കുറിപ്പുകൾ ലഭിച്ചതോടെ രണ്ടാനമ്മയ്ക്കും മറ്റ് ചില ബന്ധുക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കലാംന പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്ത് വന്നത്.
മറുനാടന് മലയാളി ബ്യൂറോ