- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യങ്ങള്‍ വെല്ലുവിളി; ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍; തിരച്ചില്‍ തുടരുന്നു; മാന്‍ഹോളുകളിലും പരിശോധന
തിരുവനന്തപുരം: നഗര മധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴും തിരച്ചിലില്‍ കണ്ടെത്താനായില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആള് പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്നിന്ന ജോയി ഒഴുക്കില്‍പെടുകയായിരുന്നു.
മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ രംഗത്തെത്തി മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.
ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ തോട്ടില്‍ വന്‍തോതില്‍ മാലിന്യമുള്ളത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയാണ്.
നിലവില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ജോയിയെ കണ്ടെത്താനാണ് ശ്രമം. മാലിന്യം നീക്കിയാലേ സ്കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം.
നിലവില്‍ സ്കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഇവര്‍ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. ട്രാക്കിനിടയിലെ മാന്‍ഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാന്‍ നീക്കം നടത്തുകയാണ്. വല കെട്ടി റോപ്പ് ചുറ്റി മാലിന്യം എടുത്ത് മാറ്റണം. ഗ്രീന്‍ നെറ്റ് മുറിച്ച് മാറ്റിയായിരിക്കും മാലിന്യം നീക്കം ചെയ്യുക. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ഇത് നീക്കംചെയ്താല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാവൂ എന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്.
മാലിന്യം മാറ്റാനുള്ള ശ്രമങ്ങളാണ് ഒരു വശത്തും നടക്കുന്നത്. ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്റര്‍ നീളമാണുള്ളത്. റെയിവേ ലൈന്‍ കടന്ന് പോകുന്ന വഴിയില്‍ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയില്‍ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണല്‍ പോലെയാണ്.
ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. അതിനിടെ, സ്ഥലത്ത് മേയര്‍ ആര്യ രാജേന്ദ്രനെത്തിയിരുന്നു. നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലര്‍ ഇതിനെ കാണുന്നുവെന്ന് മേയര്‍ പ്രതികരിച്ചു. കരാര്‍ എടുത്തവര്‍ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂള്‍ ചെയ്തിട്ടില്ല എന്നാണെന്നും മേയര്‍ പറയുന്നു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ആളെയാണ് കാണാതായത്. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാള്‍ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.