കൊച്ചി: വാഹന ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. രണ്ടു പേർ ഓടി രക്ഷപെട്ടു. തുവയൂർ സ്വദേശിയായ വിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ അക്‌ബർഷാ, പ്രജീഷ് എന്നിവരാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയാ ലെവിൻ വർഗ്ഗീസിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്.

സംഭവത്തെപറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ലെവിൻ വർഗ്ഗീസ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ സുഹൃത്തിന്റെ പക്കൽ നിന്നും ഒരു കാർ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഏറെ നാളായി തുടരുകയായിരുന്നു. ഇതിനിടയിൽ പണം നൽകിയില്ലെങ്കിൽ കാർ തിരികെ വേണമെന്ന് ഉടമ ആവശ്യപ്പെട്ടു. എന്നാൽ ലെവിൻ ഇതിന് തയ്യാറായിരുന്നില്ല. അങ്ങനെയാണ് കാർ തിരികെ എടുക്കാൻ വിഷ്ണുവിന് ക്വട്ടേഷൻ നൽകുന്നത്.

കഴിഞ്ഞ ദിവസം ലെവിൻ വർഗ്ഗീസും ഭാര്യയും ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഗുണ്ടാ സംഘം ഇവരെ വളയുകയും ഭാര്യയെ കാറിൽ നിന്നും ഇറക്കിയ ശേഷം ലെവിൻ വർഗ്ഗീസുമായി കാർ കടത്തിക്കൊണ്ടി പോകുകയായിരുന്നു. സംഘം ഇയാളെ അടൂരിലെത്തിച്ച ശേഷം സർക്കാർ റെസ്റ്റ് ഹൗസിലെ ഒരു മുറിയിൽ അടച്ചിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ ഭാര്യ പൊലീസിൽ പരാതി നൽകി.

തുടർന്ന് ഇൻഫോ പാർക്ക് പൊലീസ് ലെവിൻ വർഗ്ഗീസിന്റെ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടൂരിലുണ്ടെന്ന് മനസ്സിലാക്കി. അടൂരിലെ ഷാഡോ പൊലീസിന് വിവരങ്ങൾ കൈമാറുകയും ഇവർ റെസ്റ്റ് ഹൗസിൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒരു മുറിയിൽ അവശ നിലയിലായ ലെവിൻ വർഗ്ഗീസിനെയും മൂന്ന് ഗുണ്ടാ സംഘങ്ങളെയും കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തുന്നത് കണ്ട് മുറിക്ക് പുറത്തുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപെട്ടു.

അടൂർ പൊലീസ് പ്രതികളെ ഇൻഫോ പാർക്ക് പൊലീസിന് കൈമാറി. മർദ്ദനത്തിൽ അവശനായ ലെവിൻ വർഗ്ഗീസിനെ ആദ്യം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു.

ലെവിൻ വർഗ്ഗീസിനെതിരെ മുൻപ് ഒരു കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് ലെവിന്റെ പിതാവ് മറുനാടനോട് പറഞ്ഞു.