തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുമല നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. ആശാരിപറമ്പിൽ കൃഷ്ണൻ കുട്ടി (80), ഭാര്യ ശാരദ (75) എന്നിവരാണ് മകൻ അനിൽകുമാറിന്റെ (50) വെട്ടേറ്റ് മരിച്ചത്. രാവിലെ ഒമ്പതിനാണ് സംഭവം.

ദമ്പതികൾ താമസിക്കുന്ന വീടിനോട് ചേർന്ന് മറ്റൊരു മകന്റെ വീട്ടിലാണ് അനിൽ കുമാർ താമസിച്ചിരുന്നത്. മകനും മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നുവെന്ന് പറയുന്നു. ഇന്ന് രാവിലെ വീട്ടിലേക്ക് കയറിച്ചെന്ന അനിൽ മാതാപിതാക്കളുമായി വഴക്കിടുകയും അടുക്കളയിൽ നിന്ന് വാക്കത്തിയെടുത്ത് തുരുതുരാ വെട്ടുകയുമായിരുന്നു.

രണ്ടു പേർക്കും ശരീരത്തിന്റെ പല ഭാഗത്തും കഴുത്തിനും വെട്ടേറ്റു. മൃതദേഹങ്ങൾ വീടിന് മുറ്റത്താണ് കാണപ്പെട്ടത്. അനിൽ കുമാർ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടു ഭാര്യമാരും വിവാഹ ബന്ധം വേർപെടുത്തി.

ഇയാളുടെ സഹോദരൻ വിദേശത്താണ്. സഹോദരിയെ വിവാഹം കഴിച്ച് അയച്ചു. പ്രതി പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.